തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് ജാവദേക്കര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ ഗുഢാലോചനയെന്ന് സംശയമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. നേരത്തെ ദില്ലിയിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മരംമുറി വിഷയത്തില്‍ കേന്ദ്രമന്ത്രിയെ കാണുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും സുരേന്ദ്രന്‍ വിട്ടുനിന്നു. വി മുരളീധരന്‍ മാത്രമാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടകര കുഴല്‍പ്പണം, കോഴ വിവാദങ്ങളെ പ്രതിരോധിക്കാന്‍ മുട്ടില്‍ മരം മുറി ആയുധമാക്കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ നീക്കം. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തില്‍ ബിജെപി പ്രതിരോധത്തിലായ സമയത്താണ് മുട്ടില്‍ വനം കൊള്ള ഉയര്‍ന്ന് വന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കി മറ്റ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ബിജെപി.