ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്. ഇടതുപക്ഷവും ആയുള്ള രാഷ്ട്രീയ സഹകരണത്തിൽ പുനരാലോചന വേണം എന്നാണ് സഭ ജോസ് കെ മാണിയോട് നിർദേശിച്ചത്. പാലായ്ക്ക് പുറത്തുള്ള രണ്ട് ബിഷപ്പുമാർ നേരിട്ടാണ് ജോസ് കെ മാണിയോട് സംസാരിച്ചത്. കെഎം മാണിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത് എന്ന് വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്.

മുന്നറിയിപ്പ് തള്ളി ജോസ് കെ മാണി: 

എന്നാൽ ബിഷപ്പുമാർ നേരിട്ടെത്തി നൽകിയ മുന്നറിയിപ്പ് ജോസ് കെ മാണി തള്ളിക്കളഞ്ഞു. ഒരു പുനരാലോചന ഇല്ല എന്ന് തന്നെയാണ് അദ്ദേഹം അവരോട് വ്യക്തമാക്കിയത്.അതു കൊണ്ടു തന്നെ യുഡിഎഫ് വിട്ടു പോകുമ്പോൾ കെ എം മാണിക്ക് എല്ലാ കാലവും ശക്തിപകർന്ന സഭാ നേതൃത്വം മകൻറെ തുണയ്ക്ക് ഉണ്ടാവില്ല എന്ന് വ്യക്തമാകുന്നു. കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ റോമൻ കത്തോലിക്കാ സഭയുടെ പിന്തുണ അവർക്ക് എന്നും രാഷ്ട്രീയമായി മുതൽ കൂട്ടായിരുന്നു. ഇപ്പോഴത്തെ നിലയിൽ കോൺഗ്രസിനോടും, കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിനും അടിയുറച്ച് പിന്തുണ നൽകാൻ ആണ് സഭയുടെ തീരുമാനം.

“പതിമൂന്ന് സീറ്റുകൾ” – ഇടതുമുന്നണിയിൽ അതൃപ്തി:

നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ 13 സീറ്റുകൾ ജോസ് വിഭാഗത്തിന് ലഭിക്കും എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഇടതുപക്ഷത്തു തന്നെ എതിർപ്പ് ഉയരുന്നുണ്ട്. മുന്നണിയിൽ എത്തും മുമ്പേ തന്നെ വിലപേശൽ നടത്തുന്ന രാഷ്ട്രീയ ശൈലിയോട് യോജിപ്പില്ല എന്ന് ഇടതുപക്ഷം ജോസ് കെ മാണിയെ അറിയിക്കുമെന്നും വാർത്തയുണ്ട്.

സീറ്റുകളുടെ എണ്ണം മാത്രമല്ല, പേര് പ്രഖ്യാപിച്ചതും ഇടതു നേതൃത്വത്തിൽ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ഇടതുപക്ഷം സിറ്റിംഗ് സീറ്റുകൾ നൽകും എന്ന് പറയുമ്പോൾ അതിലൊന്ന് സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ആണ്. പാലായും ജോസ് കെ മാണിക്ക് നൽകുമെന്ന് വാർത്ത വരുന്നത് എൻസിപിഎ ചൊടിപ്പിക്കും. ഇത് കേരള കോൺഗ്രസ് സമ്മർദ്ദതന്ത്രം ആണെന്ന് ഒരു വിഭാഗം എതിർപ്പ് ഉയർത്തുകയും ഇടതുപക്ഷത്തെ രാഷ്ട്രീയ അച്ചടക്കം മുന്നണിയിൽ എത്തുന്നതിനു മുമ്പ് തന്നെ കേരള കോൺഗ്രസ് ലംഘിക്കുക ആണ് എന്നും ഭാവിയിൽ ഇത് രൂക്ഷമായ പ്രശ്നം ആയി മാറുമെന്നും ജോസ് വിരുദ്ധർ ചൂണ്ടിക്കാണിക്കുന്നു.

അണികളെ പിടിച്ചു നിർത്താനുള്ള ശ്രമം – പി ജെ ജോസഫ് വിഭാഗം: 

മാധ്യമ ലോകത്തെ ബന്ധങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയിൽ അണികളെ പിടിച്ചു നിർത്തുവാനുള്ള ജോസ് വിഭാഗത്തിൻറെ പരിശ്രമമാണ് തീരുമാനമാകാത്ത കാര്യങ്ങളിൽ തീരുമാനമായി എന്നുള്ള ജോസ് വിഭാഗം പ്രചരണം എന്ന പി ജെ ജോസഫ് വിഭാഗത്തിലെ പ്രമുഖൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വവും ഇതേ വിലയിരുത്തലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജോസ് വിഭാഗത്തിൽ നിന്നും വ്യാപകമായ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്.

സിപിഐ, എൻസിപി പരസ്യ പ്രതികരണം:

ജോസ് വിഭാഗം നടത്തിയ രാഷ്ട്രീയ നീക്കത്തോട് സിപിഐ, എൻസിപി എന്നീ ഘടകങ്ങൾ എങ്ങനെ പ്രതികരിക്കും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഇന്ന് തന്നെ ജോസ് വിഭാഗത്തിന് എതിരായുള്ള പരസ്യ പ്രസ്താവന ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത് ഇടതുമുന്നണിയുടെ കെട്ടുറപ്പിന് കോട്ടം ഉണ്ടാക്കും എന്ന ബോധ്യത്തിൽ ഇതിനു തടയിടാൻ സിപിഎം നേതൃത്വം ശ്രമം ആരംഭിച്ചതായും വാർത്തയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2