ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർത്ഥിത്വത്തിൽ പരിഗണിക്കരുതെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സ്ഥാനാർത്ഥികളെ ന്യൂനപക്ഷങ്ങളുമായി കൂടിയാലോചിച്ച് വേണം കണ്ടെത്താൻ. സ്ഥാനാർഥി നിർണയം നടത്തുമ്പോൾ 1951ൽ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റു പി സി സികൾക്ക് അയച്ച കത്ത് മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സമുദായ വിരുദ്ധ നിലപാട് ഉള്ളവർ സമുദായത്തിന് പേരിൽ സ്ഥാനാർത്ഥികൾ ആകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

നിർദേശങ്ങൾ യുഡിഎഫിന്:

ഇടതുപക്ഷം പുലർത്തിപ്പോരുന്ന വിശ്വാസ വിരുദ്ധ സമീപനത്തിന് എല്ലാകാലത്തും എതിരു നിന്നിട്ടുള്ള ആളാണ് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. യുഡിഎഫ് മുസ്ലിം പ്രീണനം നടത്തുന്നു എന്ന സഭയുടെ ആശങ്കകൾ പരിഹരിക്കുവാൻ സഭാ നേതൃത്വവുമായി യുഡിഎഫ് ചർച്ച നടത്തുകയും, അവ്യക്തതകൾ നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥി നിർണയത്തിൽ സഭയുടെ നിർദ്ദേശങ്ങൾ പിതാവ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടു വയ്ക്കുമ്പോൾ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചാൽ യുഡിഎഫ് അനുഭാവ സമീപനം കത്തോലിക്കാ സഭാ നേതൃത്വത്തിൽനിന്നും ഉണ്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

ജോസ് കെ മാണിക്ക് തിരിച്ചടി:

സഭയുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടാൽ പിന്തുണ യു ഡി എഫിന് എന്ന സൂചന പുറത്തുവരുന്നത് ജോസ് വിഭാഗത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. സഭയുടെ പിന്തുണ പ്രതീക്ഷിച്ചാണ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ വലിയ പരിഗണന കൊടുത്ത് എത്തിച്ചത്. എന്നാൽ അടിസ്ഥാനപരമായി യുഡിഎഫ് അനുഭാവം പുലർത്തുന്ന സഭാനേതൃത്വവും വിശ്വാസികളും യുഡിഎഫിലേക്ക് തന്നെ തങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് മടങ്ങുമ്പോൾ ജോസ് വിഭാഗത്തിന് അത് നൽകുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. ചർച്ച് ആക്ട്, സ്വാശ്രയകോളേജ് നിയന്ത്രണ ബിൽ, പരിസ്ഥിതി ലോലപ്രദേശ നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടതു നയങ്ങൾ സഭാ താൽപര്യങ്ങൾക്കു വിരുദ്ധമാണ്. ലൗ ജിഹാദ് കേരളത്തിൽ ഇല്ല എന്ന എൽഡിഎഫ് കൺവീനറുടെ പരസ്യ പ്രഖ്യാപനവും സഭ നിലപാടിന് എതിരാണ്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2