ചെന്നൈ: ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജി വച്ചു . ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായിരുന്ന വിപിന്‍ പിയാണ് രാജിവെച്ചത്.

ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വിപിന്‍. 2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. ജോലിയില്‍ നിന്നും രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും വിപിന്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

”അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് വിവേചനം നേരിട്ടത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും വ്യത്യസ്ത ജെന്‍ഡറില്‍ പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിവേചനം നേരിട്ട നിരവധി സംഭവങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്,’ രാജിക്കത്തില്‍ പറയുന്നു.

വിപിന്റെ രാജിയെ കുറിച്ച് പ്രതികരിക്കാന്‍ മദ്രാസ് ഐ.ഐ.ടി. തയ്യാറായിട്ടില്ല. ഇ-മെയിലിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സ്ഥാപനത്തിലെ ജീവനക്കാരോ വിദ്യാര്‍ത്ഥികളോ അധ്യാപകരോ സമര്‍പ്പിക്കുന്ന പരാതികള്‍ നടപടിക്രമങ്ങളനുസരിച്ച് പരിഗണിക്കപ്പെടുമെന്നാണ് ഐ.ഐ.ടി. പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

വിപിന്റെ ഇ-മെയില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളടക്കമുള്ള സംഘടനകള്‍ ഇത് പങ്കുവെച്ചിരുന്നു. 2019ല്‍ മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ ഫോണിലെഴുതിയ അവസാന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.