കൊല്ലം: കടയ് ക്കലിൽ വാഹനമൊടിക്കുന്നതിനിടയിൽ  കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു.
അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ നിന്ന് കോവിഡ് പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവതിയ്ക്ക് യാത്രയ്ക്കിടെ രോഗം സ്ഥിരീകരിച്ച സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ യുവതി പരിഭ്രാന്തിയിലായി. പോസ്റ്റിലിടിച്ച് മറിഞ്ഞ കാർ പൂർണമായും തകർന്നു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രോഗബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല.
രോഗം സ്ഥിരീകരിച്ചതിനാൽ യുവതിയെ ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് ജീവനക്കാർ പോലും തയ്യാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ അഗ്നി ശമന സേനാംഗങ്ങൾ യുവതിയ്ക്ക് പിപിഇ കിറ്റ് നൽകിയെങ്കിലും ഇവരെ ആശുപത്രിയിലെത്തിക്കാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. ഇതോടെ ഒന്നര മണിക്കൂറോളം യുവതി നടുറോഡിൽ ഇരുന്നു. പിന്നീട് ബന്ധുക്കൾ എത്തിയാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2