കൊല്ലം: സ്ത്രീധനമായി ലഭിച്ച കാറിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ വിസ്മയുമായി വഴക്ക് ഉണ്ടാക്കിയിട്ടുണ്ടന്നും മര്‍ദിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് കിരണ്‍കുമാര്‍ അന്വേഷകസംഘത്തോട് ഏറ്റുപറഞ്ഞു. പ്രതിയായ കിരണ്‍കുമാറിനെ ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ് ഹാഷിം മൂന്നു ദിവസത്തേക്കാണ് തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍വിട്ടത്.

തുടര്‍ന്ന് ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പി ഓഫീസില്‍ മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വിവരം പ്രതി ആവര്‍ത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍, സംഭവദിവസം വഴക്കുണ്ടായെന്നും ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും നേരത്തെ നല്‍കിയ മൊഴിയില്‍ പ്രതി ഉറച്ചുനിന്നു.

അന്വേഷകസംഘത്തിന് ലഭിച്ച തെളിവുകളും മൊഴികളും ശരിയാണോയെന്ന് വ്യക്തതവരുത്താനാണ് കിരണിനെ അന്വേഷകസംഘം വീണ്ടും ചോദ്യംചെയ്യുന്നത്.

വൈകിട്ട് അഞ്ചോടെ കിരണിനെ ചിറ്റുമല രണ്ടുറോഡില്‍ തെളിവെടുപ്പിനായി എത്തിച്ചു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കൊല്ലത്തുനിന്ന് കാറില്‍ പോരുവഴിയിലെ വീട്ടിലേക്ക് വരവെ കിരണ്‍ വഴക്കിട്ടതിനെ തുടര്‍ന്ന് രക്ഷയ്ക്കായി വിസ്മയ കാറില്‍നിന്നിറങ്ങി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയത് രണ്ടുറോഡില്‍ വച്ചായിരുന്നു. വിസ്മയ ഓടിക്കയറിയ പൊലീസ് ഹോം ഗാര്‍ഡ് ആള്‍ഡ്രിന്റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. അന്ന് സംഭവത്തിന് ദൃക്സാക്ഷികളായവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തെളിവെടുപ്പിനുശേഷം ശാസ്താംകോട്ട ഡിവൈഎസ്പി ഓഫീസില്‍ തിരികെ എത്തിച്ച പ്രതിയെ രാത്രിയിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.

ചവറ, ഓച്ചിറ, അഞ്ചല്‍ എന്നിവിടങ്ങളിലുള്ള വിസ്മയയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡി കാലാവധി തീരുംമുമ്ബ് പ്രതിയുമായി പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.