കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളരാൻ ശക്തി പകർന്ന കെ പി എസ് സി യുടെ ” നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” നാടകം വീണ്ടും അരങ്ങിൽ. എന്നാൽ ഇത്തവണ സ്റ്റേജിലല്ല മറിച്ച് ഫേസ് ബുക്കിലൂടെയാണ് നാടകം വീണ്ടും കേരളത്തിൽ മുഴങ്ങുന്നത്.സി പി ഐ യുടെ നേതൃത്വത്തിലാണ് ഇത്തവണ ഫേസ്ബുക്കിലൂടെ നാടകം അരങ്ങിലെത്തുന്നത്. ലോക് ഡൗൺ കാലത്ത് നടത്തുന്ന രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് നാടകം വീണ്ടും അവതരിപ്പിക്കുന്നത്.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജിലൂടെ നാടകം വീണ്ടുമെത്തും. കെപിഎസി നാടകങ്ങള്‍ക്ക് പ്രചാരണം നല്‍കാന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ നാടകം അവതരിപ്പിക്കുന്നത്.

തോപ്പില്‍ ഭാസി രചിച്ച് എന്‍ രാജഗോപാലന്‍ നായലും ജി ജനാര്‍ദ്ദനക്കുറുപ്പും ചേര്‍ന്ന് സംവിധാനം ചെയ്ത ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ 1950ല്‍ ആരംഭിച്ച ‘കേരള പീപ്പിള്‍സ് ആര്‍ട്ട് ക്ലബ്’ എന്ന കെപിഎസിയുടെ രണ്ടാമത്തെ നാടകമായിരുന്നു. ഒളിവിലായിരുന്ന തോപ്പില്‍ ഭാസി, സോമന്‍ എന്നപേരിലാണ് നാടകം രചിച്ചത്. നാടകത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയത് ഒ എന്‍ വി കുറുപ്പും സംഗീത സംവിധാനം നിര്‍വഹിച്ചത് ജി ദേവരാജനുമാണ്. 1952 ഡിസംബര്‍ ആറിന് കൊല്ലം ചവറയിലായിരുന്നു ആദ്യവേദി. 68 വര്‍ഷങ്ങള്‍ക്കിപ്പുറം പരമുപിള്ളയും കൂട്ടരും സോഷ്യല്‍ മീഡിയയിലൂടെ കോവിഡ് കാലത്തും രാഷ്ട്രീയം പറയാന്‍ വീണ്ടുമെത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2