ദില്ലി: കോവിഡ് പ്രതിസന്ധി മൂലം റദ് ചെയ്ത സിബിഎസ്‌ഇ 12-ാം ക്ളാസ് പരീക്ഷയുടെ മാര്‍ക്ക് 10, 11 ക്ലസുകളിലെ മാർക്കുകൾ കണക്കിലെടുത്തായിരിക്കുമെന്നു സൂചന. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറായേക്കും. മാര്‍ഗ്ഗനിര്‍ദ്ദേശം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. മാര്‍ക്ക് നിര്‍ണയിക്കാന്‍ കുറ്റമറ്റ സംവിധാനം വേണമെന്ന നിര്‍ദ്ദേശം യോഗം സിബിഎസ്‌ഇക്ക് നല്‍കിയിരുന്നു. ഇതിനായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചനയാണ് കഴിഞ്ഞ പത്ത് ദിവസത്തില്‍ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദയ സൊസൈറ്റി വഴി എല്ലാ സ്കൂളുകളുടെയും നിലപാട് അറിഞ്ഞു. യുജിസിയുടെയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും നിലപാട് തേടി.

പന്ത്രണ്ടാം ക്ളാസിലെ ഇന്‍റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കുക എന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എല്ലാ സ്കൂളുകളുടെയും നിലവാരം ഒരുപോലെയല്ല എന്നതിനാല്‍ പത്താം ക്ളാസിലെ ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് കൂടി കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ഇതോടൊപ്പം പതിനൊന്നാം ക്ളാസിലെ അവസാന മാര്‍ക്കും പരിഗണിച്ചേക്കും. 30 ശതമാനം വെയിറ്റേജ് പത്താം ക്ളാസിനും 30 ശതമാനം പതിനൊന്നാം ക്ളാസിനും ബാക്കി 12-ാം ക്ളാസ് ഇന്‍റേണല്‍ മാര്‍ക്കിനും നല്‍കാനാണ് സാധ്യത. മാര്‍ഗ്ഗനിര്‍ദ്ദേശം ഇന്ന് പുറത്തിറക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ ചില വിദഗ്ധരുടെ കൂടി നിലപാട് കിട്ടേണ്ടതിനാല്‍ ഇത് രണ്ടുദിവസത്തേക്ക് മാറ്റിയതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കോടതിയുടെ അംഗീകാരത്തോടെയായിരിക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പാക്കുക. ജൂലായ് പതിനഞ്ചോടുകൂടി മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്‌ഇ ആലോചിക്കുന്നത്.