ബെംഗളുരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയെ ”കാല കുമാരസ്വാമി” (കറുത്ത കുമാരസ്വാമി) എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്‍. മാര്‍ച്ച് 30 ന് ബിദാര്‍ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു കുമാരസ്വാമിക്കെതിരെ ഇയാള്‍ പ്രസ്താവന നടത്തിയത്.
പ്രസ്താവനക്ക് പിന്നാലെ ബെംഗളൂരുവിലെ ജെ.ഡി.എസ് അംഗങ്ങള്‍ എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ വീടിന് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് എംഎല്‍എ വീണ്ടും രംഗത്തെത്തി.
”കുമാരസ്വാമി വെളുത്ത നിറമുള്ള ആളാണെങ്കില്‍ കറുത്തവന്‍ എന്ന പരാമര്‍ശം അധിക്ഷേപിക്കുന്നതിന് തുല്യമായേനെ. എന്നാല്‍ കറുത്ത ആളെ കറുത്ത ആളെന്നേ താന്‍ വിളിക്കൂ. ആളുകള്‍ എന്നെ നീളം കുറഞ്ഞയാള്‍ എന്നാണ് വിളിക്കുന്നത്. ദൈവം തങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്. അതിനാല്‍ കറുത്തതിനെ കറുപ്പ് എന്ന് തന്നെയേ വിളിക്കൂ”- സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.
എന്നാല്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് സമീര്‍ അഹമ്മദ് ഖാനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ജെഡിഎസ്. ബെംഗളുരു പൊലീസ് കമ്മീഷണര്‍ കമാല്‍ പന്തിന് ഇത് സംബന്ധിച്ച പരാതി ജെഡിഎസ് നല്‍കിയിട്ടുണ്ട്. സമീര്‍ അഹമ്മദ് ഖാന്‍റെ വിവാദ പ്രസംഗത്തിന്‍റെ സിഡി അടക്കമാണ് ജെഡിഎസ് പരാതി നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2