കൊല്ലം : നാട്ടുകാരെ ഭീതിപ്പെടുത്തി ഒരിടവേളയ്ക്ക് ശേഷം കൊല്ലം ജില്ലയില്‍ വീണ്ടും ബ്ലാക്ക്മാന്‍ ആക്രമണം. കൊട്ടാരക്കര ഓടനാവട്ടം വാപ്പാലയിലാണ് വൃദ്ധ ദമ്പതികള്‍ താമസിയ്ക്കുന്ന വീട്ടിന് നേരെയാണ് ദിവസങ്ങളായി ബ്ലാക്ക്മാന്‍ ആക്രമണം രൂക്ഷമായത്. രാത്രിയായാല്‍ വീടിന് നേരെ കല്ലേറും കറുത്ത വസ്ത്രം ധരിച്ചവര്‍ നടന്നു പോകുന്നത് കാണുന്നതും പതിവാകുകയായിരുന്നു.
വാപ്പാല പെട്ടിമുക്കില്‍ സെന്റ് ജോര്‍ജ് ഭവനില്‍ കെ.കെ ജോര്‍ജിന്റെ വീടിന് നേരെയാണ് ബ്ലാക്ക്മാന്റെ ആക്രമണം ഉണ്ടായത്. വലിയ റബ്ബര്‍ തോട്ടത്തിന് നടുക്കുള്ള ഒറ്റപ്പെട്ട വീടാണ് കെ.കെ ജോര്‍ജിന്റേത്. ജോര്‍ജും ഭാര്യയും മരുമകളും ചെറുമകനും മാത്രമാണ് ഇവിടെ താമസിയ്ക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഇവരുടെ വീടിന് നേരെ കല്ലേറും വാതിലില്‍ ചവിട്ടി ബഹളം ഉണ്ടാക്കുന്നതും പതിവായിരിക്കുകയാണ്. വാഹനത്തിനു നേരെയും കല്ലേറുണ്ടാകാറുണ്ട്. എയര്‍ഹോളിലൂടെ കല്ലും മണ്ണും വാരി വീടിനുള്ളിലേക്ക് ഇടാറുമുണ്ട്.
ഇതിനിടെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ബ്ലാക്ക്മാനെ പിടികൂടാന്‍ വേണ്ടി വീട്ടുപരിസരത്ത് ആളു കൂടിയപ്പോള്‍ അവര്‍ക്കു നേരെയും കല്ലേറ് ഉണ്ടായതായി പറയപ്പെടുന്നു. അന്നേ ദിവസം രാത്രി 12 മണി വരെ ആളുകള്‍ കാവലിരുന്നു. ഇതിനുശേഷം എല്ലാവരും പിരിഞ്ഞുപോയെങ്കിലും രണ്ടുമണിയോടെ വീടിനു നേരെ ശക്തമായ കല്ലേറ് ഉണ്ടായി. ഇതേ തുടര്‍ന്ന് പിറ്റേന്നു തന്നെ കൊട്ടാരക്കര റൂറല്‍ എസ്.പിക്കും പൂയപ്പള്ളി എസ്എച്ച്ഒയ്ക്കും പരാതി നല്‍കി. പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ സിസിടിവി സ്ഥാപിക്കുകയും ചെയ്തു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2