ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഇന്നു വൈകീട്ടോ നാളെയോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്, പി കെ കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എന്നിവര്‍ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തെരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തു.
വി മുരളീധരന് മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാവും. കെ സുരേന്ദ്രന് കോന്നിയില്‍ മല്‍സരിക്കുമെന്നാണ് സൂചന. വി മുരളീധരന് മല്‍സരിച്ചില്ലെങ്കില്‍ കഴക്കൂട്ടത്തേക്കും സുരേന്ദ്രനെ പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരന് നേമത്ത് മല്‍സരിക്കും. ഹരിപ്പാട് ബി ഗോപാലകൃഷ്ണനും പുതുപ്പള്ളിയില്‍ എന്‍ ഹരിയും പട്ടികയിലുണ്ട്. ധര്‍മടത്ത് സി.കെ. പത്മനാഭന് മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.
ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോര്‍ത്തിലും പി കെ കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ പേര് തൃശൂര്‍, നേമം, തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.