ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന വിലയിരുത്തലില്‍ ബിജെപി. നേമം ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ വിജയപ്രതീക്ഷ. മറ്റ് മണ്ഡലങ്ങളിലെ ക്രമാനുഗതമായ വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയാകുമെന്ന ആത്മവിശ്വാസവുമുണ്ട്. എന്നാല്‍ ശക്തിക്കൂട്ടുന്നതില്‍ മാത്രം കാര്യമില്ലെന്നും, സീറ്റു നേടുകയാണ് പ്രധാനമെന്ന കേന്ദ്രഘടകത്തിന്റെ നിര്‍ദേശവും നേതാക്കള്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ നേമത്തെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുക തന്നെയാണ് നിര്‍ണായകമാകുന്നത്.

അടിയൊഴുക്കുണ്ടാകുമെന്ന ആരോപണം നിലനില്‍ക്കുമ്ബോഴും, അടിത്തറ ശക്തമായ നേമത്ത് പാര്‍ട്ടിയുടേതായ വോട്ടുബാങ്കുണ്ട് ബിജെപിക്ക്. 2016നു ശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും നേമം നിന്നത് എന്‍ഡിഎക്കൊപ്പമാണ്. ഈ കണക്കുകളിലൂടെയാണ് നേമം കേരളത്തിലെ ഗുജറാത്താണെന്ന് സധൈര്യം ബിജെപി അവകാശപ്പെടുന്നതും.

അതേസമയം, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും, പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ്സ് വോട്ടും തങ്ങളുടെ പെട്ടിയിലായെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് ഇന്നലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന. അതുകൊണ്ടുതന്നെ അട്ടിമറി വിജയത്തിന് മണ്ഡലം സാക്ഷ്യം വഹിക്കുമെന്നാണ് ബിജെപി വിശ്വാസം.

കഴക്കൂട്ടത്ത് ആചാര സംരക്ഷക പരിവേഷത്തില്‍ ശോഭാ സുരേന്ദ്രനെ ഇറക്കിയത് ഗുണം ചെയ്യുമെന്നാണ് അനുമാനം. എന്‍എസ്‌എസ് നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട് നേതൃത്വത്തിന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2