രാജിവെച്ച മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി ജനവിധി  പ്രഖ്യാപിച്ചുകഴിഞ്ഞു. ലതികാ സുഭാഷ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത് ഏറ്റുമാനൂർ സീറ്റാണ്. എന്നാൽ യുഡിഎഫ് ധാരണപ്രകാരം ഏറ്റുമാനൂർ, കടുത്തുരുത്തി, ചങ്ങനാശ്ശേരി എന്നീ സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുകയായിരുന്നു. മറ്റ് സീറ്റുകളിലേക്ക് പരിഗണിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ നൽകിയ വാഗ്ദാനം ലതികാ സുഭാഷ് നിരസിച്ചിരുന്നു. ലതികയോട് ചർച്ച ചെയ്തതിനുശേഷമാണ് കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള സീറ്റുകളിൽ സ്ഥാനാർഥികളെ നിർണയിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

തല മുണ്ഡനം ചെയ്തത് ബിജെപി തിരക്കഥ പ്രകാരം ഉള്ള നാടകമോ?

ലതികാ സുഭാഷ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഇല്ല എന്ന വാർത്ത വന്നതിന് പിന്നാലെ വികാരപരമായി പത്രലേഖകരോട് സംസാരിച്ചതിനുശേഷം കെപിസിസി ആസ്ഥാനത്തിനു മുന്നിൽ വച്ച് തന്നെ അവർ തല മുണ്ഡനം ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഇത് വലിയ വാർത്തയാക്കിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ മേന്മകൾ അവലോകനം ചെയ്യുവാനുള്ള സാധ്യതകൾ അടച്ചുകൊണ്ട് ചാനലുകളിലെ ചർച്ചകളിൽ ഉൾപ്പെടെ ലതികാ സുഭാഷിനോട് ചെയ്തത് നീതിയോ, നീതികേടോ എന്ന ചർച്ചകൾ രംഗം കൈയടക്കി.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ലതികയുടെ ഏറ്റുമാനൂരിലെ സ്ഥാനാർഥിത്വം ബിജെപി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി ആണ് എന്ന് സംശയമാണ് ഉയർത്തുന്നത്. താരാ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷന് ശേഷം താൻ സ്വതന്ത്രയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് ലതികാസുഭാഷ് പ്രഖ്യാപിച്ചു. ലതിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയെ മുന്നണി പിൻവലിച്ചു.

എൻഡിഎ മുന്നണിയിൽ ഏറ്റുമാനൂർ നിയോജകമണ്ഡലം ബിഡിജെഎസ് നീക്കിവെച്ച സീറ്റാണ്. കോട്ടയം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ദിവസങ്ങൾക്കകം ബിജെപി പാളയത്തിൽ എത്തുമെന്ന് വാർത്തകൾ കഴിഞ്ഞ ആഴ്ച രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ലതികാ സുഭാഷ് എന്ന പേര് ഈ ചർച്ചകളിൽ ഉയർന്നുവന്നപ്പോൾ താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല എന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്ന സാഹചര്യവും സംജാതം ആയിരുന്നു. എന്നാൽ ഇപ്പോൾ ലതികാ സുഭാഷിന് പിന്തുണ നൽകുവാൻ വേണ്ടി എൻഡിഎ സ്ഥാനാർഥി പിന്മാറുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരികയാണ് എന്ന് വേണം അനുമാനിക്കാൻ.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2