കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. പ്രത്യേകകോടതി അദ്ദേഹത്തിൻറെ ജുഡീഷ്യൽ കസ്റ്റഡി ഈമാസം 12 വരെ നീട്ടി. ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉന്നയിച്ച തടസ്സവാദങ്ങളെ കുറിച്ചുള്ള വാദവും ആരംഭിച്ചു. 2020 ഒക്ടോബർ 26നാണ് ബാംഗ്ലൂരിലെ ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിനെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതോടുകൂടി നൂറു ദിവസങ്ങൾക്കു മുകളിൽ അദ്ദേഹത്തിൻറെ ജയിൽവാസം നീളുമെന്ന് ഉറപ്പായി. ബിനീഷിൻറെ ഉറ്റസുഹൃത്തും ബിസിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് ലഹരിമരുന്ന് ഇടപാടിൽ അറസ്റ്റിലായതോടൂ കൂടിയാണ് ബിനീഷിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റ് ഉണ്ടായതും. ബിനീഷ് അറസ്റ്റിലായതിനെ തുടർന്ന് തുടർ ചികിത്സാർത്ഥം എന്നപേരിൽ കൊടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദം രാജി വച്ചിരുന്നു.