സൈബര്‍ ലോകത്ത് ചതിക്കുഴികളൊരുക്കി പുതിയ ആപ്പുകള്‍. ലൈവ് സ്‌ട്രീമിംഗ്‌ ആപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലൈം​ഗിക ചൂഷണത്തിന്റെ ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നത്. അജ്ഞാതരായ സ്ത്രീ – പുരുഷന്മാരുമായുള്ള ലൈവ് വീഡിയോ ചാറ്റിംഗിനായുള്ള ഇത്തരം ആപ്പുകള്‍ക്ക് യുവാക്കള്‍ക്കിടയിലും പ്രചാരം വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ മറവില്‍ ലൈം​ഗിക ചൂഷണവും സാമ്ബത്തിക തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ആരും ഇത്തരം ചതികളില്‍ അകപ്പെടരുതെന്നും വിദ​ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ വളര്‍ച്ചാനിരക്കില്‍ മുന്നിലുള്ള ഡേറ്റിംഗ്, അഡള്‍ട്ട് സ്‌ട്രീമിംഗ്‌ ആപ്പുകളാണ് പണം തട്ടാന്‍ വല വിരിക്കുന്നത്. ഓഡിയോ, വീഡിയോ ചാറ്റിംഗ് ഗ്രൂപ്പ് ആപ്പുകളും സജീവമാണ്.ഭൂരിഭാഗം ആപ്പുകളിലും അജ്ഞാതരായ സ്ത്രീ – പുരുഷന്മാരുമായുള്ള ലൈവ് വീഡിയോ ചാറ്റിംഗാണ് വാഗ്‌ദാനം ചെയ്യുന്നത്. പ്രായപൂര്‍ത്തിയായവരെ ലക്ഷ്യമിട്ടുള്ള ഈ ആപ്ലിക്കേഷനുകളില്‍ പലപ്പോഴും പണം നല്‍കിയുള്ള പരസ്യമായ നഗ്നതാ പ്രദര്‍ശനങ്ങളും ലൈംഗിക ചൂഷണങ്ങളും സാമ്ബത്തിക തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരം ആപ്ലിക്കഷനുകള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന് സൈബര്‍ വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വീഡിയോ ചാറ്റ്

  1. സെക്സ് ചാറ്റ് വാഗ്‌ദാനം ചെയ്ത് ഉപഭോക്താക്കളെ കണ്ടെത്തും
  2. വലയില്‍ വീഴുന്നത് കൂടുതലും കൗമാരക്കാര്‍
  3. സ്ത്രീകളെ ദുരുപയോഗം ചെയ്ത് എസ്‌കോര്‍ട്ട് ഏജന്‍സികള്‍
  4. നഗ്നതാ പ്രദര്‍ശനം ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച്‌
  5. വിഡിയോകള്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കും

പ്രവര്‍ത്തനം

  1. വിദേശ സെക്സ് സ്‌ട്രീമിംഗ്‌ സൈറ്റുകള്‍ക്ക് സമാനം
  2. സ്വകാര്യ ഗ്രൂപ്പുകളിലേക്ക് ക്ഷണം
  3. ‘പ്രത്യേക’ കാഴ്ചകള്‍ക്ക് മുന്‍‌കൂര്‍ പണം നല്‍കണം
  4. മുഖം മറച്ചുള്ള ലൈവ് സ്ട്രീമായതിനാല്‍ ആളെ തിരിച്ചറിയില്ല
  5. പണമിടപാട് പേടിഎം, ഗൂഗിള്‍ പേ വഴി.

മുന്‍കൂര്‍ പണം വാങ്ങിയുള്ള ഇത്തരം ചാറ്റുകളില്‍ യഥാര്‍ത്ഥ വില്ലന്മാര്‍ പ്രത്യക്ഷപ്പെടുന്നത് പിന്നീടാണ്. യുവതികളുടെ ന​ഗ്നത ആസ്വദിച്ച്‌ സ്വയം വിവസ്ത്രരാകുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ അവര്‍ പോലും അറിയാതെ റെക്കോഡ് ചെയ്യപ്പെടുന്നു. ഇത് പുറത്ത് വിടാതിരിക്കാന്‍ വന്‍ തുകകളാണ് പലപ്പോഴും ഇത്തരം സംഘങ്ങള്‍ ആവശ്യപ്പെടുക. നിരവധി യുവതികളും ഇത്തരം ചതികളില്‍ അകപ്പെട്ട് പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. നാണക്കേട് ഭയന്ന് ഭൂരിപക്ഷം ആളുകളും ഇത് പുറത്ത് പറയാറില്ല. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങളെ പിടികൂടാനുമാകില്ല.

സോഷ്യല്‍ മീഡിയയിലും ഹണി ട്രാപ്പ് സംഘങ്ങള്‍ സജീവം

ലോക് ഡൗണിനിടെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ഉയര്‍ന്ന ജോലിയുള്ളവരെയാണ് തട്ടിപ്പ് സംഘങ്ങള്‍ വലയിലാക്കുന്നത്. വാട്സാപ്പ് നമ്ബര്‍സംഘടിപ്പിച്ച്‌ ചാറ്റ് ചെയ്യുന്നതോടെയാണ് തട്ടിപ്പിന് കളമൊരരുങ്ങുന്നത്. ഫോണ്‍ നമ്ബര്‍ പ്രൊഫൈലില്‍ നല്‍കിയിട്ടില്ലാത്തവരെ ഫേസ്ബുക്ക് മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിക്കും. ചാറ്റിം​ഗ് വീഡിയോ കോളിലേക്ക് വഴിമാറുന്നത് മണിക്കൂറുകള്‍ക്കുള്ളിലാണ്. സുന്ദരിയായ യുവതി തന്റെ ഇരയുടെ മുന്നില്‍ വിവസ്ത്രയായി നില്‍ക്കും. പിന്നീട് അങ്ങേ തലയ്ക്കലുള്ള ആളിന്റെ ന​ഗ്നത കാണണമെന്ന് നിര്‍ബന്ധിക്കും. ഇതോടെ സുന്ദരിയുടെ ഇര പൂര്‍ണമായും വലയിലാകുന്നു. ന​ഗ്നത പ്രദര്‍ശിപ്പിക്കുന്നതും യുവതിയുടെ ന​ഗ്നത ആസ്വദിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം തട്ടിപ്പ് സംഘങ്ങള്‍ റെക്കോഡ് ചെയ്ത് കഴിയും. പിന്നാലെയാണ് ഭീഷണി സന്ദേശം എത്തുന്നത്. ആവശ്യപ്പെടുന്ന പണം തങ്ങള്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കും എന്നതാണ് ഭീഷണി.

മാനഭയത്താല്‍ ഭൂരിപക്ഷം ആളുകളും പണം കൈമാറി തലയൂരുകയാണ് ചെയ്യുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇക്കുറി മറ്റൊരു ഓഫര്‍ കൂടി തട്ടിപ്പ് സംഘങ്ങള്‍ മുന്നോട്ട് വെക്കുന്നു എന്നാണ് വിവരം. പണമില്ലാത്തവരെ വെറുതെ വിടും. പക്ഷേ അവരുടെ പേരില്‍ ഫേക്ക് ഐഡി ക്രിയേറ്റ് ചെയ്ത് സുഹൃത്തുക്കളോട് പണം ആവശ്യപ്പെടും. അത്യാവശ്യമാണെന്നും ഒരു സുഹൃത്തിന്റെ അക്കൗണ്ട് നമ്ബരാമെന്നും പറഞ്ഞാകും മെസേജ് ചിലരെങ്കിലും തട്ടിപ്പാണെന്നറിയാതെ പണം നല്‍കും. ഈ വിവരം യഥാര്‍ത്ഥ ഫേസ്ബുക്ക് പ്രൊഫൈലുകാരന്‍ അറിഞ്ഞാലും പരാതി നല്‍കാത്തത് അയാളുടെ ന​ഗ്നദൃശ്യങ്ങള്‍ തട്ടിപ്പ് സംഘത്തിന്റെ കൈകളില്‍ ഉള്ളതിനാലാണെന്ന് പൊലീസ് പറയുന്നു.

തട്ടിപ്പിന് ഇരയാകുന്നവരില്‍ അധികം പേരും പരാതിയുമായി വരാറില്ലെന്ന് സൈബര്‍ പൊലീസ് തന്നെ വ്യക്തമാക്കുന്നു. പരാതിയുമായി പോയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന ഭീഷണിയെ ഭയന്നാണിത്. എങ്കിലും ദിവസേന ആയിരത്തിലധികം പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഇരയുടെ ഭാര്യയോ ഭര്‍ത്താവോ സുഹൃത്തുക്കളോ ആകും പരാതി നല്‍കുക. എന്നാല്‍, പിന്നീട് ഇവരില്‍ ഭൂരിഭാ​ഗവും കേസുമായി സഹകരിക്കാറുമില്ല എന്നതാണ് വസ്തുത. പരമാവധി ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ നോക്കണമെന്നും തട്ടിപ്പിന് ഇരയായാല്‍ അത് പൊലീസിനെ യഥാസമയം അറിയിക്കണമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

കഴിഞ്ഞ ലോക് ഡൗണ്‍ സമയത്തും ലോണ്‍ മാഫിയയും ഹണിട്രാപ്പ് മാഫിയയും നിരവധി ആളുകളെയാണ് ചതിക്കുഴിയില്‍ വീഴ്ത്തിയത്. ലോണ്‍ മാഫിയയുടെ ഭീഷണി രൂക്ഷമാകുമ്ബോള്‍ ചിലരെങ്കിലും പരാതിയുമായി രം​ഗത്തെത്തിയതും ചില ആത്മഹത്യകളുമാണ് ഇത്തരം സംഘങ്ങളുടെ ചതി വെളിച്ചത്ത് കൊണ്ടുവന്നത്. എന്നാല്‍, അതിലും തീവ്രമാണ് ഹണിട്രാപ്പ് സംഘങ്ങള്‍ എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ ഭൂരിപക്ഷവും നാണക്കേട് ഭയന്ന് ഇക്കാര്യം പുറത്ത് പറയാറില്ല. ഇതോടെ സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും.

സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തി ബ്ലാക്ക്മെയിലങ്ങിലൂടെയാണ് പണം തട്ടുന്നത്. ഇരകളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നതാകട്ടെ സമൂഹിക മാധ്യമങ്ങളും. പ്രൊഫഷണല്‍സിനെക്കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള വീട്ടമ്മമാരും വിദ്യാസമ്ബന്നരായ യുവതീ യുവാക്കളുമടക്കം നൂറുകണക്കിനാളുകളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു സൂചന.

ഇതിലും വളരെ വിപുലമാണ് ഹണിട്രാപ്പിന്റെ പുതിയ തട്ടിപ്പിന്റെ രീതി. സാമൂഹിക മാധ്യമങ്ങളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമ പുരുഷനാണെങ്കില്‍ സ്ത്രീകളുടെ പേരിലും സ്ത്രീയാണെങ്കില്‍ പുരുഷന്മാരുടെ പ്രഫൈല്‍ചിത്രവും സഹിതം റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. റിക്വസ്റ്റ് അംഗീകരിച്ചെന്ന് കണ്ടാല്‍ ചാറ്റിങ്ങാണ് അടുത്തഘട്ടം. ഇത് പിന്നെ പതിയെ പതിയെ വീഡിയോ കോളിലേക്കെത്തും. ഈ സമയത്ത് കോളില്‍ മുഴുകുന്ന വീട്ടമ്മമാരുള്‍പ്പടെ വരുന്ന ഇരകളുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം തട്ടിപ്പുകാരുടെ ഫോണില്‍ റെക്കോഡ് ചെയ്യും.

സംസാരവും സൗഹൃദവും കൂടുതല്‍ ദൃഡമാകുന്നതോടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇത് കിട്ടുന്നതോടെയാണ് ബ്‌ളാക്ക്‌മെയിലിങ്ങിന്റെ തുടക്കം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിക്കും. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഒരുതവണ പണം കൈമാറി കഴിയുമ്ബോള്‍ പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ടുള്ള ഭീഷണികള്‍ തുടരും. പ്രഫഷണലുകള്‍ക്കും വീട്ടമ്മമാരുമുള്‍പ്പെടെയുള്ളവര്‍ക്കും രാത്രിയിലാണ് വീഡിയോ കോളുകള്‍ എത്തുക എന്നതാണ് രീതി.

കളമശേരിയില്‍ ഹണിട്രാപ്പില്‍പ്പെടുത്തി ഡോക്ടറില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സ്ത്രീയടക്കം മൂന്ന് പേര്‍ പിടിയിലായത് നവംബര്‍ ആദ്യമാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ടുവരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിലൂടെ തരപ്പെടുത്തുന്ന ഇന്റര്‍നെറ്റ് കണക്ഷനാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ പൊലീസിന് കഴിയുന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക