കൊച്ചി: ബെവ്‌കോ ഔട്ട്ലെറ്റിനു മുന്നിലെ ക്യൂ സംബന്ധിച്ച ഹര്‍ജിയില്‍ ബിവറേജസ് കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. മദ്യവില്‍പ്പനയിലെ ലാഭം മാത്രമാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിയുടെ വിഷയമെന്നും ബിവറേജസ് കോര്‍പ്പറേഷന്റെ കഴിവില്ലായ്മ കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാമര്‍ശിച്ചു.

തൃശൂരില്‍ ബെവ്കോ ഔട്ട്ലെറ്റിനു മുന്നിലെ നീണ്ട ക്യൂ കച്ചവടത്തിന് തടസമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്ത് കോവിഡ് നിരക്ക് കുറയുന്നില്ലെന്നും അപ്പോഴാണ് മദ്യഷോപ്പുകള്‍ക്ക് മുന്നിലെ നീണ്ട നിരയെന്നും കോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് കൊറോണ ഉണ്ടോ ഇല്ലയോ എന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു.

ഒരു പരിഷ്കൃത സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടക്കുന്നത്. മദ്യവില്‍പ്പനയില്‍ ബെവ്കോയ്ക്ക് എതിരാളികളില്ല. മത്സരമില്ലാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സമയ നഷ്ടവും, മാന നഷ്ടവുമാണ് സംഭവിക്കുന്നത്. മദ്യം കഴിക്കുന്നത് കുറ്റകരമാണെന്ന അഭിപ്രായം കോടതിക്കില്ല. സംവിധാനത്തിന്റെ തകരാറാണ് സംഭവിക്കുന്നത്.

ആളുകളുടെ അന്തസ് ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് ബെവ്‌കോ നടത്തുന്നത്. നാലു വര്‍ഷമായിട്ടും മാറ്റമുണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ 83 പ്രീമിയം കൗണ്ടറുകള്‍ ആരംഭിച്ചുവെന്ന് ബെവ്‌കോ അറിയിച്ചു. കേസില്‍ എക്സൈസ് കമ്മീഷണര്‍ എസ്.അനന്തൃഷ്ണന്‍ , ത്യശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത എന്നിവര്‍ ഹാജരായി.എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കോടതി ബെവ്കോയ്ക്ക് നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി ബെവ്‌കോയോട് ആവശ്യപ്പെട്ടു. കേസ് കോടതി അടുത്ത ചൊവ്വാഴ്ചക്ക് ശേഷം പരിഗണിക്കും. അതിനുള്ളില്‍ മറുപടികള്‍ ലഭിക്കണമെന്നും കോടതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക