കോട്ടയം: കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രമായ പാലയില്‍ മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയത് കേരളത്തിലാകെ വലിയ ചര്‍ച്ചക്ക് കാരണമായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി 15000 വോട്ടിന് മേല്‍ ഭൂരിപക്ഷത്തില്‍ തോറ്റതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിളെ ഞെട്ടിച്ചത്. സംസ്ഥാനത്തൊട്ടാകെ ഇടതു സര്‍ക്കാരിന് അനുകൂലമായ വികാരം ഉണ്ടായിട്ടും പാലയില്‍ പ്രധാനപ്പെട്ട ഘടകകക്ഷി നേതാവ് തോറ്റത് സിപിഎം നേതൃത്വത്തിനും ഞെട്ടലുണ്ടാക്കി. ഇതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.

പാലായിലെ തോല്‍വിക്ക് കാരണം ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചതാണ് എന്നായിരുന്നു ഇതുവരെ സിപിഎം ജില്ലാ നേതാക്കള്‍ നല്‍കിയ വിശദീകരണം.സംസ്ഥാന നേതാക്കളും ഇത് ഏറ്റെടുത്തു തോല്‍വിക്ക് കാരണം ബിജെപിയുടെ വോട്ടുകള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നു ശ്രമിച്ചത്. എന്നാല്‍ ജോസ് കെ മാണി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതോടെ സിപിഎം അന്വേഷണത്തിന് നിര്‍ബന്ധിതരാവുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗം രണ്ടംഗ കമ്മീഷനെ തോല്‍വി പഠിക്കാന്‍ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാലയിലെ വിജയി മാണി സി കാപ്പന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാലായില്‍ ജോസ് കെ മാണി തോറ്റതിന് കാരണം സിപിഎം വോട്ടുകള്‍ ചോര്‍ന്നത് മൂലമല്ല എന്ന് മാണി സി കാപ്പന്‍ പറയുന്നു. ചോര്‍ന്നത് കേരള കോണ്‍ഗ്രസ് വോട്ടുകളാണ് എന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത് സിപിഎം അല്ല എന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. കേരള കോണ്‍ഗ്രസ് എം ആണ് അവരുടെ വോട്ടുകള്‍ ചോര്‍ന്ന കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ തനിക്ക് ലഭിച്ചതായി മാണി സി കാപ്പന്‍ അവകാശപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആണ് മാണി സി കാപ്പന്‍ പ്രതികരണം നടത്തിയത്. ഇക്കാര്യത്തില്‍ നടക്കുന്ന അന്വേഷണങ്ങളെ കുറിച്ച്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ “സിബിഐ അന്വേഷണം നടത്തുകയാണ് ഉചിതം” എന്നും മാണി സി കാപ്പന്‍ പരിഹസിച്ചു.

ഏതായാലും തോല്‍വിയില്‍ കേരളകോണ്‍ഗ്രസ് അന്വേഷണം നടത്തുന്നുണ്ട് എന്ന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സിപിഎം നടത്തുന്ന അന്വേഷണം എല്ലാ മണ്ഡലങ്ങളിലും ഉള്ളതാണ് എന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു. സിപിഎം അന്വേഷണം ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാത്രമാണ് എന്നുപറഞ്ഞാണ് ജോസ് കെ മാണി ഈ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത്. ഏതായാലും കേരള കോണ്‍ഗ്രസ് എം നടത്തുന്ന അന്വേഷണം എന്ത് കാര്യങ്ങളാണ് കണ്ടെത്താന്‍ പോകുന്നത് എന്നതാണ് ശ്രദ്ധേയം.

പാലായിലെ തോല്‍വിക്ക് കാരണം ബിജെപി വോട്ടുകള്‍ എന്ന് സിപിഎം മാത്രമല്ല കേരള കോണ്‍ഗ്രസ് എമ്മും ആദ്യം തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ബിജെപി കുറഞ്ഞ 14,000ത്തോളം വോട്ടുകള്‍ പൂര്‍ണമായും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചാല്‍ തന്നെ ആയിരം വോട്ടിന് മാണി സി കാപ്പന്‍ വിജയിക്കുമെന്ന കണക്കാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും ധര്‍മ്മസങ്കടത്തില്‍ ആകുന്നത്.

കഴിഞ്ഞ തവണ 24000 വോട്ട് ലഭിച്ച ബിജെപിക്ക് ഇത്തവണ 10000 വോട്ട് മാത്രമാണ് നേടാനായത്. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്ക് 40,000 വോട്ടുകള്‍ മണ്ഡലത്തില്‍ ഉണ്ട് എന്നാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചിരുന്നത്. സിപിഎം വോട്ടുകള്‍ എത്ര ചോര്‍ന്നാലും 30000 ഉറപ്പായും കിട്ടും എന്നായിരുന്നു കണക്ക്. അങ്ങനെ 70000 നേടി വിജയമുറപ്പിച്ച സ്ഥലത്താണ് എതിര്‍ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 15000 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇതാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ള വലിയ ഞെട്ടലിന് കാരണം.