വൈക്കം : ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും പക്ഷിപ്പനി. തോട്ടുപറമ്പത്ത് റിയാസിന്റെ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്നു ഭോപ്പാലിലെ ഹൈ സെക്യൂരിറ്റിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ തുടര്‍ച്ചയായി ചാകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ രോഗം പടരാനുള്ള സാധ്യതയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഷാജി പണിക്കശ്ശേരി പറഞ്ഞു. നോഡല്‍ ഓഫീസര്‍ ഡോ.സജീവ് കുമാര്‍, ഡോ.ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മ സേനയുടെ മൂന്ന് സംഘങ്ങളാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. രോഗബാധ കണ്ടെത്തിയ വെച്ചൂര്‍ നാലാം വാര്‍ഡിലെ കട്ടമട ഭാഗത്തെ താറാവുകളെ കൊന്നു സംസ്‌കരിച്ചു തുടങ്ങി.
പക്ഷികളെ കൂട്ടിയിട്ടു സംസ്‌കരിക്കുന്ന സ്ഥലം അണുവിമുക്തമാക്കും. പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഒന്‍പത് കിലോമീറ്റര്‍ പരിധിയില്‍ 15 ദിവസത്തെ ഇടവേളകളില്‍ മൂന്നു മാസം പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച പാടശേഖരത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2