തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത്, ജോലി ചെയ്യുന്ന ബാങ്കിന് മുന്നില്‍ വെച്ച്‌ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ കുടുംബ വഴക്കാണെന്ന് ബന്ധുക്കള്‍. ശനിയാഴ്ച വൈകിട്ടാണ് വിഴിഞ്ഞത്തെ എസ്ബിഐ ബാങ്ക് ജീവനക്കാരിയായ സിനിക്ക് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഗദീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി ചെയ്യുന്ന ബാങ്കിന് മുന്നില്‍ വെച്ചാണ് കൈയില്‍ കത്തിയുമായെത്തി സുഗദീശന്‍ ഭാര്യ സിനിയെ കുത്തിയത്. ബാങ്കിന് പുറത്ത് കാത്തിരുന്ന് ഇവര്‍ ഇറങ്ങിവന്നപ്പോള്‍ കുത്തിയായിരുന്നു.

പരിക്കേറ്റ സിനിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് കിംസ് ആശുപത്രിയിലേക്കും മാറ്റി. നെഞ്ചിനും വയറിനുമടക്കം കുത്തേറ്റതിനാല്‍ സിനിയുടെ അവസ്ഥ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവ സ്ഥലത്തു വെച്ചുതന്നെ സുഗദീശനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നേരത്തെയും പലതവണ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്.
പലതവണ തര്‍ക്കമുണ്ടായതോടെ പിരിഞ്ഞ് താമസിച്ചിരുന്നുവെങ്കിലും മദ്യപാനം നിര്‍ത്താമെന്നടക്കം സുഗദീശന്‍ സമ്മതിച്ചതോടെ ഒരുമിച്ച്‌ താമസിക്കാന്‍ ഭാര്യ സിനി തയാറായിരുന്നു. എന്നാല്‍ അതിന് ശേഷവും മദ്യപിച്ചെത്തി ഭാര്യയെയും മകനെയും ഇയാള്‍ ആക്രമിച്ചിരുന്നു. ഒരു മാസം മുന്‍പ് ആയിരുന്നു ഇത്. ഇതില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2