ചെറുകിട സംരഭങ്ങള്‍ക്കായി നല്‍കി വരുന്ന ഗ്രാന്റ്പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. നാനോ സംരഭകരെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ മെയ് 21-നാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ആരംഭിച്ചത്. 10 ലക്ഷം രൂപയില്‍ താഴെ മുടക്ക് മുതല്‍ വരുന്ന സംരഭങ്ങളെയാണ് നാനോ സംരഭങ്ങള്‍ എന്ന് പറയുന്നത്. ഇത്തരം ബിസിനസുകള്‍ക്ക് പദ്ധതിച്ചിലവിന്റെ 40 ശതമാനമാണ് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുക.

പരമാവധി 4 ലക്ഷം രൂപ വരെ ഇതുവഴി സംരഭകര്‍ക്ക് ഗ്രാന്റ് തുകയായി ലഭിക്കും. എന്നാല്‍ 40 വയസ്സില്‍ താഴെ പ്രായമുള്ള യുവ സംരഭകര്‍, സ്ത്രീകള്‍, പിന്നോക്ക വിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്കാണ് മേല്‍പ്പറഞ്ഞ 40 ശതമാനം ഗ്രാന്റ് ലഭിക്കുക. അല്ലാത്തവര്‍ക്ക് പദ്ധതിച്ചിലവിന്റെ 30 ശതമാനം വരെയാണ് ഗ്രാന്റായി ലഭിക്കുക. പരമാവധി 3 ലക്ഷം രൂപ വരെ ഇത്തരത്തില്‍ ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നേരത്തെ, ഭക്ഷ്യ സംസ്‌കരണ സംരഭങ്ങള്‍, മറ്റ് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ സംരഭങ്ങള്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ ഗ്രാന്റ് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന സംരഭങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനമനുസരിച്ച്‌ 4 ലക്ഷം രൂപ ബാങ്ക് വായ്പയും 4 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റും 2 ലക്ഷം രൂപ സംരഭകന്റെ വിഹിതവും എന്ന നിലയില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കുള്ള ഒരു സംരഭം ആരംഭിക്കുവാന്‍ സാധിക്കും. അതായത് 2 ലക്ഷം രൂപ സംരഭകന്റെ കൈയ്യിലുണ്ടെങ്കില്‍ ഒരു ബിസിനസ് പദ്ധതി ആരംഭിച്ചു നടപ്പിലാക്കുവാന്‍ സാധിക്കുമെന്നര്‍ഥം.

എന്നാല്‍ ചില നിബന്ധനകള്‍ കൂടി ഈ സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നതിനുണ്ട്. അവ എന്തൊക്കെയാണെന്ന് അറയാം:

  • പുതിയ സംരഭങ്ങള്‍ അരംഭിക്കുവാന്‍ മാത്രമേ ഈ പദ്ധതി പ്രകാരം ഗ്രാന്റ് അനുവദിക്കുകയുള്ളൂ. നിലവിലുള്ള സംരഭങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.
  • മാര്‍ജിന്‍ മണി ഗ്രാന്റിന് അര്‍ഹതയുള്ള സംരഭങ്ങളുടെ ചുരുക്ക പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
  • മൂല്യവര്‍ധിത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റിനായി അപേക്ഷിക്കാം. ബാങ്ക് വായ്പ എടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
  • ഗ്രാന്റിന് അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ അര്‍ഹത ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആണ് നിശ്ചയിക്കുക.

പ്രൊജക്‌ട് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, ക്വട്ടേഷന്‍ എന്നിവയുമായി താലൂക്ക് വ്യവസായ ഓഫീസില്‍ അപേക്ഷ നല്‍കാം. അപേക്ഷയ്ക്ക് നിശ്ചിത ഘടനയില്ല. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റും ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക