ഇടുക്കി: ഇടത് മുന്നണി ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി അംഗങ്ങള്‍. ഭരണകക്ഷിയിലെ സിപിഐ അംഗങ്ങളാണ് ആരോപണമുന്നയിക്കുന്നത്. വ്യാജ പട്ടയം പോലും സ്വീകരിച്ച്‌ നിരവധി പേര്‍ക്ക് വന്‍തുക ബാങ്ക് വായ്പ നല്കിയിട്ടുള്ളതായും ബാങ്കിന്റെ സുപ്രധാന വിവരങ്ങള്‍ പോലും ഭരണകക്ഷി അംഗങ്ങളായ തങ്ങളെ അറിയിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെടുംമ്പാ ഇടത് മുന്നണി ഭരിക്കുന്ന ബാങ്കുകളില്‍ വലിയ ക്രമക്കേട് നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ചിന്നക്കനാലിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നത് ശരിവയ്ക്കുന്നതാണ് ഇന്നലെ പുറത്ത് വന്ന സിപിഐ അംഗങ്ങളുടെ കത്ത്. 11 അംഗ ഭരണ സമിതിയില്‍ മൂന്നു പേരാണ് സിപിഐക്കുള്ളത്. ഇവരാണ് 12 ചോദ്യങ്ങളടങ്ങുന്ന കത്ത് 2020 ജൂലൈ രണ്ടിന് ബാങ്ക് സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക് കാര്‍ഷിക വായ്പ അനുവദിച്ചിട്ടുണ്ട് എന്നതാണ് ഇതിലെ പ്രധാന ചോദ്യം. ബാങ്കിന്റെ പേരില്‍ ബിയല്‍റാം, വിലക്ക്, മുട്ടുകാട് എന്നിവിടങ്ങളില്‍ വാങ്ങിയ ഭൂമിയുടെ രേഖകള്‍ കൃത്യമാണോയെന്നത് അറിയിക്കണം. വിലക്ക് എന്ന സ്ഥലത്ത് പെട്രോള്‍ പമ്ബ് തുടങ്ങാന്‍ 3.5 കോടി മുടക്കില്‍ ബാങ്ക് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം പോക്കുവരവ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും സിപിഐ അംഗങ്ങള്‍ ചോദിച്ചിട്ടുണ്ട്. 64ലെ ഭൂമി പതിവ് ചട്ടം അനുസരിച്ച്‌ പട്ടയം ലഭിച്ച ഇവിടെ പമ്പ് തുടങ്ങാനുള്ള അപേക്ഷ റവന്യൂ വകുപ്പ് തള്ളിയിരുന്നു. സഹ. ബാങ്കിന്റെ പേരിലുള്ള മൗണ്‍ വ്യൂ റിസോര്‍ട്ടിന് നിയമാനുസൃത പ്രവര്‍ത്തനാനുമതിയുണ്ടോ, ബാങ്കിന്റെ കെട്ടിടം നിര്‍മ്മിച്ചത് അനുമതിയോടെയാണോ. ബ്രാഞ്ച് സ്ഥാപിക്കാന്‍ വേണ്ടി സ്ഥലം വാങ്ങിയത് പോക്കുവരവ് ചെയ്തിട്ടുണ്ടോ എന്നതടക്കം സിപിഎമ്മിനെ പൂര്‍ണമായും പ്രതിക്കൂട്ടിലാക്കുകയാണ് കത്ത്. സിപിഐ അംഗങ്ങളായ എസ്. ചിന്നസ്വാമി, കെ. പരമന്‍, അല്‍ഫോണ്‍സാ കാളിമുത്ത് എന്നിവരാണ് കത്ത് നല്കിയത്.

പ്രസിഡന്റും സിപിഎം അംഗങ്ങളും ഭരണസമിതിയെടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന് സിപിഐ ചിന്നക്കനാല്‍ ലോക്കല്‍ സെക്രട്ടറി എ. യേശുദാസ് പറഞ്ഞു. ബാങ്കിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയിട്ടുള്ള വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കത്തിന് സെക്രട്ടറി മറുപടി നല്കിയെന്നാണ് ബാങ്ക് പ്രസിഡന്റ് അളകര്‍ സ്വാമിയുടെ വിശദീകരണം. ഓഡിറ്റിങ്ങിന് ശേഷം കൂടുതല്‍ വ്യക്തമാക്കാമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനിടെ സെക്രട്ടറിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും പൊതുപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നൽകിയിട്ടുണ്ട്. ജില്ലയില്‍ നേരത്തെ കഞ്ഞിക്കുഴി സഹകരണ ബാങ്ക്, കട്ടപ്പന മുനിസിപ്പാലിറ്റി വനിത സഹകരണ ബാങ്ക് എന്നിവിടങ്ങളിലും തട്ടിപ്പ് നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക