തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും നേരെ ഭീഷണിയുമായി ബി.ജെ.പി. നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിമര്‍ശനം. ബി.ജെ.പിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍, പൊലീസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭീഷണി.

കുഴല്‍പ്പണ കേസില്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ചോദ്യം ചെയ്യണമെന്നും വിജയരാഘവന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതല്‍ വിവരം കിട്ടുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രി ബിന്ദുവിന് വേണ്ടി കുഴല്‍പ്പണ കേസിലെ പ്രതികളില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘കൊടകര കുഴല്‍പ്പണ കേസില്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി വിജയ രാഘവനെ പൊലീസ് ചോദ്യം ചെയ്യണം. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റേയും പ്രതികളുടേയും കൂടുതല്‍ വിവരം കിട്ടും. സി.പി.ഐ.എം. തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കുഴല്‍പ്പണക്കേസ് കുഴലൂത്താക്കി ബി.ജെ.പിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പിണറായിയുടെ പൊലീസ് ശ്രമിക്കുന്നതെങ്കില്‍, പൊലീസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരും. കേരളത്തെ കലാപ ഭൂമിയാക്കാതിരുന്നാല്‍ നന്നെന്നും ​ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി വിജയന്‍ രണ്ടാം വട്ടം അധികാരത്തില്‍ വന്നപ്പോള്‍ ബി.ജെ.പിയെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് കരുതരുതെന്നും ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് തങ്ങള്‍ക്ക് ബാല്യവും ഇപ്പോള്‍ പിണറായിക്ക് വാര്‍ദ്ധക്യവുമായി എന്ന് മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.