തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിന് സമീപം നിറുത്തിയിട്ടിരുന്ന കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ പരാക്രമം.വിഴിഞ്ഞം സ്വദേശി ഷറഫുദീന്റെ പുതിയ മാരുതി എര്‍ട്ടിഗ കാറില്‍ സ്പ്രേ പെയിന്റടിച്ച് വികൃതമാക്കുകയായിരുന്നു. ടൂറിസ്റ്റ് രജിസ്ടേഷന് ഉള്ള വെള്ള നിറത്തിലുള്ള കാറിന്റെ ഗ്ലാസ് ഒഴികെയുള്ള ഭാഗത്തെല്ലാം കറുത്തപെയിന്റ് സ്പ്രേ ചെയ്ത നിലയിലാണ്.
വഴിഞ്ഞം ടൗണ്‍ഷിപ്പിലെ വീടിന് സമീപത്തെ ജീലാനി ഗ്രൗണ്ടില്‍ നിറുത്തിയിട്ടിരുന്ന കാറാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ പെയിന്റടിച്ച് വികൃതമാക്കിയത്. ഇത് വീണ്ടും പെയിന്റ് ചെയ്യാന്‍ 20000 രൂപയോളം ചെലവ് വരുമെന്നും ഇത് സംബന്ധിച്ച് വിഴിഞ്ഞം സിഐ ക്ക് പരാതി നല്‍കിയതായും കാറിന്റെ ഉടമ ഷറഫുദീന്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഴിഞ്ഞം കോവളം സ്റ്റേഷന് പരിധികളില്‍ മോഷണവും സാമൂഹ്യവിരുദ്ധരുടെ ശല്യവും വര്‍ദ്ധിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. മേഖലയില്‍ പൊലീസ് പട്രോളിംഗ് കുറവായതാണ് മോഷണവും സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.