നേമത്ത് യൂത്ത് കോണ്‍ഗ്രസ് , ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പ്രചാരണ വാഹനം തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ വെള്ളായണി സ്റ്റുഡിയോ റോഡിലായിരുന്നു സംഭവം. അക്രമം തടയാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റു.

നേമം സ്റ്റുഡിയോ റോഡില്‍ വെച്ചാണ് കെ. മുരളീധരന്റെ വാഹനം ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞത്. യു.ഡി.എഫ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ വന്നു എന്നാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആരോപിച്ചത്. വോട്ടിനായി പണം വിതരണം ചെയ്യാനാണ് സ്ഥാനാര്‍ഥി എത്തിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

മുരളീധരനും ഒപ്പമുള്ളവരും കാറില്‍ കയറിയപ്പോഴാണ് വാഹനം ആക്രമിച്ചത്. ബോണറ്റിലും ഗ്ലാസിലും അടിക്കുകയും മുന്നിലെ ഫ്ലാഗ് റോഡ് ഒടിക്കുകയും ചെയ്തു. തുടര്‍ന്നാണ് കല്ലേറുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണത്തിലാണു ഷജീറിനു പരുക്കേറ്റത്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി നേമം പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച്‌ നടത്തി. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരാജയഭീതികൊണ്ടാണ് ബിജെപി അതിക്രമമെന്നും തിരഞ്ഞെടുപ്പ് സമാധനപരമായി നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2