സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചെന്നൈ: മോഷണം നടത്തിയതിന്റെ ഒരു സൂചന പോലും നൽകാതെ കള്ളന്മാർ എ.ടി.എമ്മിൽ നിന്നും കവർന്നത് ലക്ഷങ്ങൾ. തട്ടിപ്പ് കണ്ടെത്തിയത് എ.ടി.എമ്മുകളിൽ ബാങ്ക് അധികൃതർ നിക്ഷേപിച്ച പണത്തിന്റെയും എ.ടി.എമ്മുകളിൽ നിന്നും പിൻവലിച്ച പണത്തിന്റെയും കണക്കിൽ ലക്ഷങ്ങളുടെ വ്യത്യാസം കണ്ടെത്തിയതോടെയാണ് അധികൃതർ പരാതി നൽകിയത്.

സാധാരണ എടിഎം കേന്ദ്രങ്ങളിൽ പണം തട്ടിയെടുക്കുന്നതോ മറ്റ് തരം മോഷണങ്ങളോ തടയാൻ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്താറ്. കാവലിന് സെക്യൂരിറ്റി, ക്യാമറകൾ, മെഷീനിൽ കളളത്തരം പിടികൂടാൻ സെൻസറുകൾ എന്നിയും എടിഎമ്മിലുണ്ട്.

എന്നാൽ ഇത്തരം സുരക്ഷാ മുൻകരുതലെല്ലാം ഉണ്ടായിരുന്നിട്ടും ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിലെ എടിഎമ്മുകളിൽ നിന്നും പണം മോഷണം പോയി. നഗരത്തിലെ വേളാചേരി, താരാമണി, വൽസരവക്കം, രാമപുരം എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ നിന്നാണ് പണം മോഷണം പോയത്.

എന്നാൽ പരിശോധനക്കെത്തിയ പൊലീസിന് എടിഎം കുത്തിപൊളിച്ചതിന്റെയോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.

എസ്ബിഐയിലെ അലാറം സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് ഒരു ജാപ്പനീസ് കമ്പനിയാണ്. എടിഎം മെഷീനിലെ തടസങ്ങൾ എവിടെയെല്ലാമാണെന്ന് കളളന്മാർ ആദ്യമേ മനസിലാക്കിയതായാണ് പൊലീസ് കണ്ടെത്തൽ.

എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഒരിക്കൽ പിൻ നമ്പർ കൊടുത്ത് പണം എടുത്താൽ ഇരുപത് സെക്കന്റുകൾക്കകം പണം എടുക്കണം. ഇതിന് സാധിച്ചില്ലെങ്കിൽ പണം തിരികെ മെഷീനിലേക്ക് പോകും. ഇത്തരത്തിൽ പണം അകത്തേക്ക് പോകുന്ന സെൻസർ തടഞ്ഞാണ് കളളന്മാർ പലവട്ടമായി പണം തട്ടിയെടുത്തത്. ഇതുമൂലം പണം പിൻവലിച്ചില്ലെന്ന് മെഷീനിൽ കാണിക്കുകയും ചെയ്യും.

സംഭവത്തിൽ അറസ്റ്റ് ഒന്നും നടന്നിട്ടില്ലെങ്കിലും എടിഎമ്മുകൾക്ക് സമീപത്തുകൂടി സംശയാസ്പദമായ നിലയിൽ രണ്ട് പേർ നടക്കുന്നത് സിസിടിവി ക്യാമറയിൽ കണ്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക