ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല എന്നും ജനപ്രതിനിധികള്‍ വിചാരണ നേരിടണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആര്‍ ഷാ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് സുപ്രധാന വിധി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി.

‘ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രിവിലേജുകളുടെ ചരിത്രത്തിലൂടെ ഞാന്‍ കടന്നു പോയി. പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിര്‍വഹണത്തിന് മാത്രമാണ്. ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഇളവു നല്‍കാനുള്ള ഗേറ്റ് വേയല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അങ്ങനെയെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 101 പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കകത്തും സ്വാതന്ത്ര്യം വകവച്ചു നല്‍കുന്നു. നരസിംഹറാവു വിധിയെ സര്‍ക്കാര്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന് പറയാന്‍ ആകില്ല. ജനപ്രതിനിധികള്‍ ഭരണഘടനയുടെ രേഖകള്‍ മറികടന്നു. അവര്‍ക്ക് പരിരക്ഷ ലഭിക്കില്ല’ – കോടതി വ്യക്തമാക്കി.

ശിവന്‍കുട്ടിക്ക് പുറമെ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ. അജിത്ത് എന്നിവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കോടതി നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍

നേരത്തെ, ഹര്‍ജി പരിഗണിച്ച രണ്ടു വേളയിലും സുപ്രിംകോടതി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

സഭയിലെ അക്രമങ്ങളില്‍ സാമാജികര്‍ക്ക് നിയമപരിരക്ഷയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ‘കോടതിയെ നോക്കൂ, ചിലപ്പോള്‍ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎല്‍എ റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചാല്‍ എന്തു ചെയ്യും. ഇക്കാര്യത്തില്‍ സഭയ്ക്കാണ് പരമാധികാരം എന്നു പറയാന്‍ ആകുമോ?’- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭയ്ക്കാണ് പരമാധികാരം എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചത്. പിവി നരസിംഹറാവു ജഡ്ജമെന്റില്‍ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതായും കുമാര്‍ പറഞ്ഞു. ഈ വേളയിലായിരുന്നു കോടതിയുടെ പ്രതികരണം.

എന്താണ് കേസ്

2015 മാര്‍ച്ച്‌ 13ന് ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എല്‍.എമാര്‍ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവന്‍കുട്ടിക്ക് പുറമെ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചരുന്നെങ്കിലും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പിന്‍വലിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക