തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ എങ്ങിനെയാവും ജനം പ്രതികരിക്കുകയെന്നത് നിര്‍ണായകമായ ചോദ്യമാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മുന്നണി വിട്ടത് യുഡിഎഫിന് നേട്ടമാകുമോയെന്നായിരുന്നു പ്രധാന ചോദ്യം. ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായോ, ബിജെപിയോടുള്ള മനോഭാവം മാറിയോ തുടങ്ങിയ ചോദ്യങ്ങളും സര്‍വേയില്‍ ഉണ്ടായിരുന്നു. 41 നിയമസഭാ സീറ്റുകളാണ് ഇവിടെയുള്ളത്.
തൃശ്ശൂര്‍ മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന് വലിയ മുന്നേറ്റം നേടാനായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണ 22 സീറ്റ് കിട്ടിയ സ്ഥാനത്ത് ഇക്കുറി സീറ്റ് കുറയും എന്നാണ് ഫലം.16 മുതല്‍ 18 സീറ്റ് വരെ മാത്രമേ ലഭിക്കൂ. 18 സീറ്റ് കിട്ടിയിരുന്ന യുഡിഎഫ് നേട്ടമുണ്ടാക്കും. 23 മുതല്‍ 25 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതം കിട്ടുമെന്നും പ്രീ പോള്‍ സര്‍വേ ഫലം പറയുന്നു.
ക്രിസ്ത്യന്‍ വിഭാഗക്കാരായ വോട്ടര്‍മാരോടാണ് മധ്യകേരളത്തില്‍ പ്രധാനമായും ചില ചോദ്യങ്ങള്‍ ചോദിച്ചത്. മുസ്ലിം ലീഗിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണയുണ്ടാവുകയും കേരള കോണ്‍ഗ്രസ് എം പുറത്തുപോവുകയും ചെയ്തതോടെ യുഡിഎഫില്‍ നിന്ന് അകന്നുവോ എന്നായിരുന്നു ചോദ്യം. അകന്നെന്ന് 36 ശതമാനം പേരും അകന്നില്ലെന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു. 10 ശതമാനം പേര്‍ക്ക് അഭിപ്രായമില്ലായിരുന്നു.
യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ ആധിപത്യമാണെന്ന് കരുന്നുണ്ടോ? അവര്‍ കൂടുതല്‍ അധികാരം ആവശ്യപ്പെടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു. ഉണ്ടെന്ന് 39 ശതമാനം പേരും ഇല്ലെന്ന് 48 ശതമാനം പേരും അഭിപ്രായപ്പെട്ടു. 13 ശതമാനം പേര്‍ക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ് യുഡിഎഫിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തെ തിരിച്ചെത്തിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് 32 ശതമാനം പേര് മറുപടി നല്കി. 49 ശതമാനം പേര് തിരിച്ചെത്തിക്കുമെന്ന അഭിപ്രായക്കാരായിരുന്നു. 19 ശതമാനം പേര് പ്രതികരിച്ചില്ല.
മുസ്ലിം ആധിപത്യത്തെക്കുറിച്ചുളള ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമാണോയെന്ന ചോദ്യത്തിന് 28 ശതമാനം പേര് അതെയെന്നും 43 ശതമാനം പേര് അല്ലെന്നും മറുപടി നല്കി. 29 ശതമാനം പേര്‍ക്ക് അഭിപ്രായമില്ലായിരുന്നു. കേരള കോണ്‍ഗ്രസ് എം എത്തിയതോടെ ക്രിസ്ത്യന്‍ വിഭാഗം എല്‍ഡിഎഫിനോട് അടുത്തെന്ന് 38 ശതമാനം പേരും ഇല്ലെന്ന് 51 ശതമാനം പേരും അഭിപ്രായപ്പെട്ടു. 11 ശതമാനം പേര്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.
മോദി സര്‍ക്കാറിന്റെ 7 വര്‍ഷം ക്രിസ്ത്യാനികളെ ബിജെപിയുമായി അടുപ്പിച്ചോ? ശ്രീധരന് പിളളയുടെ സമീപകാല ഇടപെടലുകള്‍ ഇതിന് സഹായിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു 20 ശതമാനം പേരുടെ ഉത്തരം. 61 ശതമാനം പേര് ഇല്ലെന്ന് മറുപടി നല്കി. 19 ശതമാനം പേര്‍ക്ക് മറുപടി ഇല്ലായിരുന്നു. ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കത്തില്‍ നേട്ടം യുഡിഎഫിനെന്ന് 14 ശതമാനം പേരും എല്‍ഡിഎഫിനെന്ന് 36 ശതമാനം പേരും എന്‍ഡിഎക്കെന്ന് 37 ശതമാനം പേരും മറുപടി നല്കി. 13 ശതമാനം പേര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗം യുഡിഎഫിനെ കാര്യമായി പിന്തുണച്ചു. നിയമസഭയിലും അങ്ങനെ തന്നെ ആയിരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് 47 ശതമാനം പേര് മറുപടി നല്കി. അല്ലെന്ന് 40 ശതമാനം പേര് പറഞ്ഞു. 12 ശതമാനം പേര്‍ക്ക് ഉത്തരം ഉണ്ടായിരുന്നില്ല.