ചിറ്റാരിക്കല്‍: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബന്ധുവായ നാലര വയസുകാരന്‍റെ ഫോട്ടോ വീട്ടുകാരറിയാതെ വ്യാജ അകൗണ്ട് നമ്പറും ഫോണ്‍ നമ്പറും സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. കേസില്‍ കുറ്റപത്രം സമര്‍പിക്കുന്നതിനായി ഫേസ്ബുക് അധികൃതരില്‍ നിന്നും വിവരങ്ങള്‍ തേടിയതായി കേസന്വേഷിക്കുന്ന ചിറ്റാരിക്കല്‍ പൊലീസ് അധികൃതര്‍ പറഞ്ഞു.

പാണത്തൂര്‍ പരിയാരത്തെ ബില്‍സി ബാബു (27), ബില്‍സണ്‍ ബാബു (23) എന്നിവര്‍ക്കാണ് അറസ്റ്റിനുള്ള നോടീസ് നല്‍കിയത്. ചിറ്റാരിക്കാല്‍ പൊലീസ് സറ്റേഷന്‍ പരിധിയിലെ നാലരവയസുകാരന്റെ ചിത്രം വെച്ചാണ് മാതാപിതാക്കള്‍ അറിയാതെ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചികിത്സാ സഹായം തേടുന്നതായി പ്രചരിപ്പിച്ച്‌ പണപിരിവിന് ശ്രമിച്ചതെന്നാണ് കേസ്. കുട്ടിയുടെ മാതാവ് കുടുംബ ഗ്രൂപില്‍ ഷെയര്‍ ചെയ്ത കുഞ്ഞിന്‍റെ ആശുപത്രിയിലെ ചിത്രമാണ് പ്രതികള്‍ ദുരുപയോഗം ചെയ്യാന്‍ ഉപയോഗിച്ചതെന്ന് പറയുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറേ വൈകിയാണ് തങ്ങളുടെ മകന്‍റെ പേരില്‍ ചികിത്സാ പിരിവ് നടക്കുന്ന വിവരം അറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നീട് അവര്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ചിറ്റാരിക്കല്‍ പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. കോവിഡിനെ തുടര്‍ന്നാണ് നേരിട്ട് അറസ്റ്റ് നടത്താതെ അറസ്റ്റിനുള്ള നോട്ടീസ് നല്‍കിയത്.