തൃശ്ശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ആരോഗ്യ സര്‍വകലാശാല. കോവിഡ് അതിതീവ്ര വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ച പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യസര്‍വകലാശാല മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനമുണ്ടാകൂ എന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, രോഗലക്ഷണമുള്ളവരുടെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ആര്‍ടിപിസിആര്‍ ചെയ്യേണ്ടിവരുമെന്നും ആരോഗ്യ സര്‍വകലാശാല അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ അവിടെയെത്തുന്നതിനു മുമ്ബേ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരിക്കണം. കോവിഡ് ബാധിതരായിരുന്ന വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ച്‌ 17 ദിവസം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ പരീക്ഷയ്‌ക്കെത്താം. ഇതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതില്ല. പരീക്ഷയ്ക്കിടയില്‍ ലക്ഷണങ്ങളുണ്ടായാല്‍ ആര്‍ടിപിസിആര്‍ ചെയ്യേണ്ടി വരും.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ നേരത്തേ എംബിബിഎസ് പരീക്ഷകള്‍ മാത്രം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മറ്റ് കോഴ്‌സുകളിലെ പരീക്ഷകള്‍കൂടി ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മോഹനന്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുക എന്ന ഉദ്ദേശ്യവും ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. വിശദമായ പരീക്ഷാ വിവരങ്ങള്‍ക്ക് http://www.kuhs.ac.in സന്ദർശിക്കുക.