തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയാ സ്റ്റുഡിയോയുടെ ഉദ്ഘാടനം കഴിഞ്ഞതോടെ ഒരു മുതിര്‍ന്ന നേതാവിന്റെ മകന്‍ വീണ്ടും കേരളത്തില്‍ സജീവമായി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയ്ക്ക് മുങ്ങിയ അനിൽ ആൻറണി ആണ് കോൺഗ്രസിൽ നേതൃ പദവികൾ ലക്ഷ്യമിട്ട് വീണ്ടും കേരളത്തിലേക്ക് എത്തിയത്. കോൺഗ്രസിൻറെ മുതിർന്ന നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ പാര്‍ട്ടി തോറ്റതിനു പിന്നാലെ മുങ്ങിയ ശേഷം ഇന്നാണ് പൊങ്ങുന്നത് എന്ന അടക്കം പറച്ചിലാണ് പാർട്ടിക്കുള്ളിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത്അഞ്ചു വര്‍ഷത്തിലേറെയായി കേരളത്തിലെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയാ കൈകാര്യം ചെയ്യുന്ന നേതാവാണ് ഈ യുവ താരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആൻറണിയുടെ ഇഷ്ടക്കാരനായ മുല്ലപ്പള്ളി അനിൽ ആൻറണിയെ കേരളത്തിലെ ഡിജിറ്റൽ മീഡിയ ചുമതല ഏൽപ്പിച്ചപ്പോൾ വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് വച്ചുപുലർത്തിയത്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തിയ എല്ലാ പ്രചരണ കോലാഹലങ്ങളും വൻപരാജയമായിരുന്നു എന്ന വിലയിരുത്തലാണ് പ്രവർത്തകർക്കിടയിൽ ഉള്ളത്. ഇതിനിടെ പഴയ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയാ കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തകരുമൊക്കെ ചേര്‍ന്ന് പാര്‍ട്ടിയുടെ ഗുണത്തിനായി പ്രവര്‍ത്തനം തുടങ്ങി. ഇതോടെ തന്റെ മിടുക്കിനെ ചോദ്യം ചെയ്യുന്നു എന്ന പേരില്‍ അവരെ വെറുപ്പിക്കലായിരുന്നു ഇദ്ദേഹത്തിന്റെ പിന്നീടുള്ള നീക്കങ്ങള്‍.

പാര്‍ട്ടിയുടെ ഔദ്യോഗിക സംവീധാനത്തെക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് മറ്റുള്ളവര്‍ നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയമായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക ഡിജിറ്റല്‍ മീഡിയാ സംവീധാനം. പാര്‍ട്ടിയെ പ്രതിരോധിക്കുന്നതോ പ്രമോട്ട്‌ചെയ്യുന്നതായതോ ആയ പഴയ വീഡിയോകളോ, പ്രസംഗങ്ങളോ പോലും ചെയ്യുന്നതില്‍ വലിയ പരാജയമാണ് നേരിട്ടത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഡിജിറ്റല്‍ മീഡിയാ പ്രചാരണത്തിനും കെപിസിസി സമിതിയെ കൊണ്ട് പ്രയോജനമുണ്ടായില്ല.

ഇതൊക്കെ നിലനില്‍ക്കെയാണ് പുതിയ നീക്കവുമായി ഡിജിറ്റല്‍ മീഡിയാ കോര്‍ഡിറ്റര്‍ രംഗത്തുവന്നത്. കേരളത്തിലെ കെപിസിസി പുനസംഘടന നടക്കുന്ന സമയത്തുള്ള ഡിജിറ്റല്‍ മീഡിയാ കോര്‍ഡിനേറ്ററുടെ രംഗപ്രവേശനം പലതും കണ്ടാണെന്ന് ആക്ഷേപമുണ്ട്. നേരത്തെ ഇദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാക്കാനുള്ള നീക്കം സജീവമായിരുന്നു. എന്നാല്‍ യൂത്തുകോണ്‍ഗ്രസിന്റെ ഒരു ബൂത്തുകമ്മറ്റിയില്‍ പോലും പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ഇദ്ദേഹത്തെപ്പോലുള്ളവരെ നേതൃനിരയിൽ കൊണ്ടു വന്നാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകരും നേതാക്കളും.

നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ റെ മകൻ അർജുൻ രാധാകൃഷ്ണനെ സംസ്ഥാന വക്താവായി യൂത്ത് കോൺഗ്രസിന് നിയമിച്ചപ്പോൾ വലിയ പൊട്ടിത്തെറി ആണ് ഉണ്ടായത്. പ്രവർത്തകരോടൊപ്പം കണക്കിലെടുത്ത് ദേശീയ നേതൃത്വം തീരുമാനം പിൻവലിക്കാൻ നിർബന്ധിതരായി. സമാനമായ ഒരു പൊട്ടിത്തെറി എകെ ആൻറണിയുടെ മകൻറെ കാര്യത്തിൽ ഉണ്ടാകാതിരിക്കാൻ വലിയ മുൻകരുതലാണ് നേതൃനിരയിൽ ഒരു വിഭാഗം സ്വീകരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്ന പദവിയിൽ അദ്ദേഹം തുടരുകയും ഡിജിറ്റൽ മീഡിയ കോഡിനേറ്ററെ പാർട്ടിയുടെ ഉന്നത സമിതികളിൽ ക്ഷണിതാവായി ഉൾക്കൊള്ളിക്കുകയും ചെയ്യുന്നത് തന്ത്രമാണ് അണിയറയിൽ ആവിഷ്കരിക്കുന്നത് എന്നാണ് അടക്കം പറച്ചിലുകൾ.