സ്വന്തം ലേഖകൻ

കൊച്ചി:ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ തോട്ട് ലീഡർഷിപ്പ് ആന്റ് ഇന്നൊവേഷൻ ഫൗണ്ടേഷന്റെ (ടിഎൽഐ), ഡയറക്ടർ ബോർഡ് അംഗമായി
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലിഷാ മൂപ്പൻ തിരഞ്ഞെടുക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

റീജനറേറ്റീവ് മെഡിസിനും വിട്ടുമാറാത്ത രോഗങ്ങളും കൂടാതെ, അവയവങ്ങളുടെ നഷ്ടം, റിഹാബിലിറ്റേറ്റീവ് മെഡിസിൻ, മാനസികാരോഗ്യത്തിൽ കോവിഡ് 19 മഹാമാരിയുടെ പ്രഭാവം എന്നിവ ഉൾപ്പെടെ ആഗോള ആരോഗ്യരംഗത്ത് കേന്ദ്രീകരിക്കുന്ന ടിഎൽഐ പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും വ്യാപ്തിയും സാധ്യതകളും വിപുലീകരിക്കാൻ, അലീഷാ മൂപ്പന്റെ ആരോഗ്യ പരിചരണ രംഗത്തെ ശ്രദ്ധേയമായ നേതൃത്വപരമായ പരിചയസമ്പന്നതയും, ആഗോള ആരോഗ്യരംഗത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സഹായകമാകും.

അലീഷയെ പോലെ പരിചയസമ്പന്നതയും വൈദഗ്ദ്ധ്യവുമുള്ള ഒരു വനിത ടിഎൽഐ ഡയറക്ടർ ബോർഡിൽ എത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ടിഎൽഐയുടെ സ്ഥാപകനും ചെയർമാനുമായ ബിൽ ഓൾഡ്ഹാം പറഞ്ഞു. അന്തർദ്ദേശീയ തലങ്ങളിൽ സ്വാധീനമുള്ള വ്യക്തിയാണ് അലിഷ. ലോകത്തെവിടെയുമുള്ള ആളുകൾക്ക് അവരുടെ സാമ്പത്തിക സ്ഥിതി എന്ത് തന്നെയായാലും അവർ എവിടെ നിന്നുള്ളവരായാലും മികച്ച ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുള്ള തിരിച്ചറിവും, അനുകമ്പയുമുള്ള വ്യക്തിയാണ് അവർ. ആഭ്യന്തര, അന്തർദേശീയ ആരോഗ്യ പരിചരണത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ നൂതനമായ സംരംഭങ്ങളിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ അലീഷയുടെ വിലയേറിയ ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും പങ്കാളിത്തവും ടിഎൽഐ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിഎൽഐയുടെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്ന് അലീഷ മൂപ്പൻ പറഞ്ഞു. ടിഎൽഐയുടെ നൂതനവും ദീർഘവീക്ഷണം നിറഞ്ഞതുമായ പദ്ധതികളിലൂടെ കൂടുതൽ ആളുകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിൽ തനിക്കും ഒരു പങ്കുവഹിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.

നിലവിൽ ഇന്ത്യയിലെയും, ജിസിസിയിലെയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന അലീഷാ മൂപ്പൻ, അവയുടെ തന്ത്രപരമായ വളർച്ചയ്ക്കും വികസനത്തിനും മേൽനോട്ടം വഹിക്കുകയും പുതിയ വിപണികളിലേക്ക് സ്ഥാപനത്തെ വ്യാപിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ കേയ്മാൻ ദ്വീപുകളിലെ ആശുപത്രിയുടെ വികസനത്തിലും അവർ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

വേൾഡ് ഇക്കണോമിക് ഫോറം 2018 ൽ അലീഷാ മൂപ്പനെ യങ് ഗ്ലോബൽ ലീഡറായി തിരഞ്ഞെടുത്തിരുന്നു. ഏഷ്യയിൽ നിന്നും ജിസിസിയിൽ നിന്നുമുള്ള, ലോകത്തെ മികച്ച 100 നേതൃത്വങ്ങളിൽ ഒരാളായും അവർ അംഗീകരിക്കപ്പെട്ടു. ഫോബ്‌സ് മിഡിൽ ഈസ്റ്റ് മാഗസിൻ അടുത്ത തലമുറയിലെ മികച്ച ഇന്ത്യൻ നേതാക്കളിൽ ഒരാളായി അലീഷാ മൂപ്പനെ തിരഞ്ഞെടുക്കുകയുണ്ടായി. ആരോഗ്യ പരിചരണ രംഗത്തെ മികവിന് ഖലീജ് ടൈംസിന്റെ 2018ലെ എമർജിങ്ങ് ലീഡേഴ്സ് അവാർഡിനും അലീഷാ മൂപ്പൻ അർഹയായിട്ടുണ്ട്.

ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ ട്രസ്റ്റി എന്ന നിലയിൽ ആസ്റ്റർ വൊളണ്ടിയേഴ്സ് പ്രോഗ്രാമിലൂടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും അലീഷ മൂപ്പൻ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. സ്‌കോട്ട്ലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ അലീഷ മിഷിഗൺ സർവകലാശാലയിൽ നിന്നും ഫിനാൻസ് ആന്റ് അക്കൗണ്ടിങ്ങിൽ ബിരുദവും നേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക