രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും വേണ്ടത്ര ജാഗ്രതയോ മുൻകരുതലൽ ജനങ്ങൾ സ്വീകരിക്കുന്നില്ല എന്ന നിരവധി ഉദാഹരണങ്ങളാണ് കേരളത്തിൽ പുറത്തുവരുന്നത്. സമാനമായ ഒരു വിവരമാണ് ഇപ്പോൾ പാലായിൽ നിന്ന് ലഭിക്കുന്നത്. പാലാ ആർടിഒ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടുപോലും ഇവരുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന പല ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനോ, കോവിഡ് പ്രോട്ടോകോൾ പാലിക്കാനും തയ്യാറാകുന്നില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഒരു സ്ഥാപനത്തിൽ രോഗബാധ സ്ഥിരീകരിച്ചാൽ പ്രൈമറി കോൺടാക്റ്റുകൾ 14 ദിവസം നിരീക്ഷണത്തിൽ പോകേണ്ടതാണ്. അതുപോലെ തന്നെ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂർ സ്ഥാപനം അടച്ചിടുകയും അണുനശീകരണം നടത്തുകയും ചെയ്യേണ്ടതാണ്. എന്നാൽ ഇത്തരം നടപടികൾ ഒന്നും ഇവിടെ സ്വീകരിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊതു ജനങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന ഒരു സർക്കാർ ഓഫീസ് ഇത്തരത്തിൽ പ്രോട്ടോകോൾ ലംഘനം നടത്തുന്നത് ഗൗരവമേറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തലുണ്ട്.

ഓഫീസിന് ചുറ്റുപാടുമുള്ള വിവിധ വാഹന ഏജൻറുമാരുടെ ഓഫീസുകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തരം വിവരങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനോ, മുൻകരുതലുകൾ സ്വീകരിക്കുവാനോ അധികൃതർ തയ്യാറാകുന്നില്ല. പാലായിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം പോലും പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഇത്തരത്തിലുള്ള അനാസ്ഥ തുടരുന്നത് കാര്യങ്ങൾ കൂടുതൽ അപകടകരം ആകുകയേയുള്ളൂ.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2