തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. പരാതി നല്ല രീതിയില്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിനു പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്ത് വന്നത്. പീഡനപരാതിയാണെന്ന് അറിയാതെയാണ് വിളിച്ചതെന്ന് മന്ത്രി വ്യക്തമാക്കുന്നു.

പാര്‍ട്ടിക്കാരനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ അച്ഛനെ ഫോണ്‍ വിളിച്ചതെന്ന് മന്ത്രി വ്യക്തമാക്കുന്നു. പാര്‍ട്ടിക്കാരനെതിരെ ഉയര്‍ന്നത് പീഡനപരാതി ആണെന്ന് അറിയില്ലായിരുന്നുവെന്നും മന്ത്രി വിശദീകരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം, മന്ത്രിക്കെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരിയുടെ പിതാവ്‍ രംഗത്ത്. സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ലെന്നും മന്ത്രി ഇടപെട്ടതുകൊണ്ടാണ് തങ്ങള്‍ക്ക് നീതി ലഭിക്കാത്തതെന്നും പരാതിക്കാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ച്ചിലാണ്‌ സംഭവം. പരാതിക്കാരിയുടെ പിതാവിനെ വിളിച്ച്‌ പരാതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.

കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി സംഭാഷണത്തില്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.