തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാന്‍ കേരള നേതാക്കളില്‍ ധാരണ. ഇക്കാര്യം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. ഇരിക്കൂരില്‍ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ് മറ്റൊരു സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെടുക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണക്ക് ശേഷം 25-ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.

സിറ്റിംഗ് എംഎല്‍എമാരെ മാറ്റിയാല്‍ തെറ്റായ സന്ദേശം പോകുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കിടയിലുണ്ടായത്. സിറ്റിംഗ് എംഎല്‍എമാരെ മാറ്റി മറ്റൊരാളെ പരീക്ഷിക്കുമ്ബോള്‍ ചിലയിടങ്ങളിലെങ്കിലും തിരിച്ചടിയുണ്ടെകുമെന്നും നേതാക്കള്‍ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ നേതാക്കള്‍ ധാരണയിലെത്തിയത്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഹൈക്കമാന്‍ഡിനും ഇതേ അഭിപ്രായമെന്നാണ് വിവരം. എന്നാല്‍ കെ സി വേണുഗോപാലിന്റെ നിലപാട് നിര്‍ണ്ണായകമാണ്. 22 എംഎല്‍എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു.

മറ്റ് എംഎല്‍എമാര്‍ അതാത് മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. തൃക്കാക്കര പോലെ ചില മണ്ഡലങ്ങളില്‍ പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കെതിരെയും കാര്യമായ എതിര്‍പ്പില്ലെന്നാണ് വിലയിരുത്തല്‍. സീറ്റ് വിഭജനത്തിന് ശേഷം കെ സി ജോസിഫിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. 25ന് മുന്‍പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ധാരണ. ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം 25-ന് ചേരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2