ആലപ്പുഴ: ബൈപ്പാസിൽ വാഹനങ്ങൾ നിർത്തി സെല്‍ഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി യാത്രക്കാര്‍ പുറത്ത് ഇറങ്ങി സെല്‍ഫിയെടുക്കാൻ തുടങ്ങിയതോടെ മേല്‍പ്പാലത്തില്‍ വമ്പൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് കൊമ്മാടിയില്‍നിന്നു കളര്‍കോടുവരെ ചുരുങ്ങിയനേരംകൊണ്ട് കടക്കാമെന്നതാണ് ബൈപ്പാസിന്റെ ഗുണം. എന്നാല്‍, ബൈപ്പാസില്‍നിന്നുള്ള കടല്‍ക്കാഴ്ച കാണാന്‍ വലിയതിരക്കാണ് വൈകുന്നേരങ്ങളില്‍. ഇതു മേല്‍പ്പാലത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ബീച്ചില്‍ ആളെത്തുന്ന ഞായറാഴ്ചയും പ്രധാന ആഘോഷ ദിവസങ്ങളിലും മേല്‍പ്പാലത്തില്‍ അസ്‍തമയം പകര്‍ത്താനും കാഴ്ച കാണാനുമായി വാഹനം ഒതുക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി പന്ത്രണ്ട് മണിക്ക് ശേഷവും മേല്‍പ്പാലത്തില്‍ ബീച്ച്‌ വശത്ത് വാഹനങ്ങള്‍ ഒതുക്കി കടല്‍ക്കാറ്റ് കൊളളാന്‍ നിന്നവരെ പൊലീസ് എത്തിയാണ് ഓടിച്ചത്. ഇനി ബൈപ്പാസ് മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സെല്‍ഫിയെടുക്കാനും കാഴ്‍ച കാണാനും ഇറങ്ങുന്നവർക്ക് എതിരെ കര്‍ശന നടപടിയുമായി  മോട്ടോര്‍വാഹന വകുപ്പും പൊലീസും. ബൈപ്പാസില്‍ അപകടങ്ങള്‍ കൂടിയതോടെയാണ് ദേശീയപാതാ വിഭാഗവും മോട്ടോര്‍വാഹന വകുപ്പും കര്‍ശന നടപടിക്ക് തയ്യാറെടുക്കുന്നത്. മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ ബുധനാഴ്ച മുതല്‍ പിഴ ചുമത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗതം തടസ്സപ്പെടുത്തിയതിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്കാണ് നീക്കം.ആദ്യം 250 രൂപ പിഴ ഈടാക്കും. കൂടാതെ ആറു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് നീക്കം. മാത്രമല്ല കാല്‍നടയാത്രയും ഇവിടെ നിരോധിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. നോ സ്റ്റാന്‍ഡിങ്, നോ സ്റ്റോപ്പിങ് എന്നെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിക്കുക. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിലും അവസാനവുമായി കാല്‍നടയാത്ര നിരോധിക്കുമെന്ന ബോര്‍ഡും സ്ഥാപിക്കും.

ബൈപ്പാസിലെ പരിശോധനയും മോട്ടോര്‍ വാഹനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ബീച്ചിനു സമാന്തരമായെത്തുമ്ബോള്‍ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുക്കാനാണ് തിരക്ക്. ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അമിതവേഗത്തിലാണ് ഇതുവഴി പോകുന്നത്. ഇതിനിടെ കൊമ്മാടിഭാഗത്തുനിന്ന് വരുന്ന വാഹന യാത്രക്കാര്‍ ഇറങ്ങി എതിര്‍വശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്ബോള്‍ അപകടമുണ്ടാകും. ഇതു തടയുന്നതിന് പ്രത്യേക സംഘങ്ങളായാണ് പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2