ബംഗളുരു: വിവാഹ വാഗ്ദാനം നല്‍കി നടിയെ അഞ്ചു വര്‍ഷത്തോളം ഒപ്പം താമസിപ്പിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം മണികണ്ഠന്‍ അറസ്റ്റിലായി. ബംഗളൂരുവില്‍നിന്നാണ് എ ഐ എ ഡി എം കെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മദ്രാസ് ഹൈക്കോടതിയില്‍ മണികണ്ഠന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് മണികണ്ഠന്‍ ഒളിവിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഇദ്ദേഹത്തിനായി വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. മണികണ്ഠനെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മധുരയിലും രാമനാഥപുരത്തും മണികണ്ഠന്‍ എത്തിയെന്ന വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം കടന്നുകളയുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ബംഗളുരുവിലെ ഒളിത്താവളത്തില്‍നിന്ന് മണികണ്ഠനെ പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ചു വര്‍ഷത്തോളം ഒപ്പം താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി മലേഷ്യന്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു. മൂന്നു തവണ ഗര്‍ഭിണിയായ തന്നെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലിസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. നിരവധി തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം ചെയ്യിച്ചുവെന്നുമുള്ള നടിയുടെ പരാതിയില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എ മണികണ്ഠനെതിരേ പൊലീസ് കേസെടുത്തു. ചെന്നൈ അടയാര്‍ വനിതാ പൊലീസാണ് നടിയുടെ പരാതിയില്‍ മണികണ്ഠനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.