കോട്ടയം: കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് നിയമനങ്ങൾക്കു പിന്നാലെ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവും എഐസിസി നേരിട്ടു നടത്താനൊരുങ്ങുന്നു. ഡിസിസി പ്രസിഡന്റുമാരെ കണ്ടെത്തുന്നതിന് പ്രവർത്തന മികവിനു മുൻതൂക്കം നൽകുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ എഐസിസി പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നിർദേശം നൽകി. എഐസിസിയുടെ നിയന്ത്രണത്തിലുള്ള അഞ്ചംഗ കെപിസിസി സമിതിക്കായിരിക്കും ചുമതല.

പ്രവർത്തന മികവ്, സംഘാടന ശേഷി, പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിലെ സ്വീകാര്യത എന്നിവ അടിസ്ഥാനമാക്കിയാകണം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതെന്ന് എഐസിസി പറയുന്നു. കെപിസിസി പ്രസിഡന്റ് കഴിഞ്ഞാൽ കോൺഗ്രസിൽ പിന്നെ ഏറ്റവും നിർണായകമായ തസ്തികയാകണം ഡിസിസി പ്രസിഡന്റിന്റേത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് കുറച്ചുകാലം ഇരുന്ന ശേഷം പാർലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുന്ന രീതി അനുവദിക്കില്ലെന്നും എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുഴുവൻ സമയവും പാർട്ടിക്കായി പ്രവർത്തിക്കാൻ കഴിവും മനസ്സുമുള്ളവരെ കണ്ടെത്തണം എന്നാണു നിർദേശം. മാനദണ്ഡങ്ങൾ എഐസിസിക്കു സമർപ്പിക്കണം. എഐസിസി അംഗീകരിച്ചാൽ കെപിസിസി തലത്തിൽ ചർച്ച ആരംഭിക്കും. അതിനുശേഷം പട്ടിക എഐസിസിക്കു സമർപ്പിക്കണം. എഐസിസിയുടെ അംഗീകാരം ലഭിച്ചാൽ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകാൻ രണ്ടു മാസം എടുക്കുമെന്നാണു സൂചന.

ഗ്രൂപ്പ് പരിഗണനയില്ലാതെ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നിലപാട്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ചർച്ച തുടങ്ങുക. തുടർന്ന് കെപിസിസി നിയോഗിക്കുന്ന കമ്മിറ്റി ജില്ലകളിൽനിന്ന് പ്രവർത്തകരുടെ അഭിപ്രായം ആരായും. അതിനുശേഷം അന്തിമ പട്ടിക തയാറാക്കി എഐസിസിക്കു സമർപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയത് 10 പേർ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു താൽപര്യം അറിയിച്ചിട്ടുണ്ട്.

ഗ്രൂപ്പ് മാനേജർമാർ നിരാശയിൽ:

ഡിസിസി പ്രസിഡന്റ് നിയമനം എഐസിസി നേരിട്ട് ഏറ്റെടുത്തതോടെ എ, ഐ ഗ്രുപ്പുകൾക്ക് നിരാശ. ഓരോ ഗ്രൂപ്പും തങ്ങൾക്കു താൽപര്യമുള്ള ജില്ലകൾ ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ 14 ഡിസിസികളിൽ 9 എണ്ണം ഐ വിഭാഗത്തിനും 5 എണ്ണം എ വിഭാഗത്തിനുമാണ്. ഐ, എ വിഭാഗങ്ങൾ ഏഴു വീതമാണ് നേരത്തേ പങ്കുവച്ചത്. 9 നിലനിർത്താൻ ഐയും 7 എണ്ണം നേടാൻ എയും ശ്രമിച്ചു വരികയായിരുന്നു. ചില ജില്ലകൾ വച്ചുമാറാനും ഗ്രൂപ്പുകൾ തമ്മിൽ ആലോചന നടന്നു.

സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാർക്ക് എന്തു സ്ഥാനം നൽകും എന്നതും കെപിസിസിയുടെയും എഐസിസിയുടെയും മുന്നിലെ വലിയ ചോദ്യമാണ്. ഭരണം ഉണ്ടായിരുന്നെങ്കിൽ സ്ഥാനമൊഴിയുന്നവരെ പുനരധിവസിപ്പിക്കാൻ എളുപ്പമായിരുന്നു. കെപിസിസി ഭാരവാഹിത്വം മാത്രമാണ് മുൻ ഡിസിസി പ്രസിഡന്റുമാർക്ക് ചേരുന്ന പദവി. സ്ഥാനനഷ്ടം ഉറപ്പായതോടെ ഡിസിസി പ്രസിഡന്റുമാരും പദവികൾക്കായി സമ്മർദം തുടങ്ങി. ഏതായാലും ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയെ ഉടച്ചുവാർക്കുക എന്ന നിലപാടിലുറച്ച് മുന്നോട്ടുപോകാൻ തന്നെയാണ് എഐസിസി തീരുമാനിച്ചിരിക്കുന്നത്.