ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തില്‍ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തില്‍ സഹയാത്രികരില്‍ ഒരാള്‍ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയര്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ, രണ്ട് സുഹൃത്തുക്കളും ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭവാനി എന്ന സുഹൃത്താണ് അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെ ആയിരുന്നു അപകടം. മഹാബലിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതില്‍ വ്യക്തതയില്ല. അമിത വേഗതയാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യാഷികയും ഭവാനിയും രണ്ടു യുവാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ മീഡിയനില്‍ തട്ടി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. നടിയെയും യുവാക്കളെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഭവാനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒഴിവുദിനം ചെലവഴിക്കാന്‍ മാമല്ലാപുരത്ത് എത്തിയ നാലുപേരും വാടകയ്ക്ക് മുറിയെടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു.

ബിഗ് ബോസ് തമിഴ് സീസണ്‍ രണ്ടിലെ മല്‍സരാര്‍ഥിയായിരുന്ന യാഷിക ആനന്ദ് തെന്നിന്ത്യയില്‍ വളര്‍ന്നുവരുന്ന നടിയാണ്. കവലൈ വേണ്ടാം എന്ന ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തെത്തിയത്. ധ്രുവങ്ങള്‍ പതിനാറ്, ഇരുട്ട് അറയില്‍ മുരട്ട് കുത്ത്, സോംബി എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്. അപകട വാര്‍ത്ത സിനിമാ ലോകത്ത് ഞെട്ടലുണ്ടാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക