തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളെ ഓര്‍ക്കുക പോലുമുണ്ടാവില്ലെന്ന് പല വോട്ടര്‍മാരും കരുതാറുണ്ട് . എന്നാല്‍ തിരക്കേറിയ പ്രചാരണ ദിവസങ്ങളില്‍ കണ്ട ചില മുഖങ്ങള്‍ മറന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് നടനും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍.

തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അഭിരാമിയുടെ ദുരിതവാര്‍ത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് കൃഷ്ണകുമാറിന്റെ ചെവിയിലെത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അഭിരാമിയുടെ ദുരിതത്തിനു പരിഹാരമാകുന്ന വിഷു സമ്മാനവുമായാണ് അദ്ദേഹമെത്തിയത് . ഓണ്‍ലൈന്‍ ക്ലാസ്സിനായി ഒരു സ്മാര്‍ട്ട് ഫോണ്‍.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഭിരാമി . ശ്രീവരാഹം പറമ്ബില്‍ ലെയ്‌നിലെ ഒറ്റമുറി വാടകവീട്ടിലാണ് അഭിരാമിയും അമ്മൂമ്മ ലതയും താമസിക്കുന്നത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിച്ച്‌ പോയതോടെ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്.

ലത വീട്ടുജോലിയ്ക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത് . എന്നാല്‍ ലതയ്ക്ക് അടുത്തിടെ കൈക്ക് പരിക്കേറ്റതോടെ ജോലി മുടങ്ങി . അഭിരാമിയുടെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ ഫോണ്‍ ആവശ്യമായി വന്നു.എന്നാല്‍ വാങ്ങിനല്‍കാന്‍ പണവുമുണ്ടായില്ല . ഈ ദുരിതം കണ്ടറിഞ്ഞാണ് എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി സ്മാര്‍ട്ട്‌ഫോണ്‍ എത്തിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2