ധീര രക്തസാക്ഷി അഭിമന്യുവിന്‍റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കുകയാണ് സ്വന്തം പ്രസ്ഥാനമായ എസ് എഫ് ഐയും അഭിമന്യുവിന്‍റെ സുഹൃത്തുക്കളും. ക‍ഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കൊച്ചി കലൂരിലെ അഭിമന്യുസ്മാരകത്തില്‍ പിന്നാക്കവിഭാഗത്തിലെ കുട്ടികളെ താമസിപ്പിച്ച്‌ പഠിപ്പിക്കാനൊരുങ്ങുകയാണ് അഭിമന്യുസ്മാരക ട്രസ്റ്റ്.

ആദിവാസികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന അഭിമന്യുവിന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കലൂരിലെ അഭിമന്യുസ്മാരക മന്ദിരത്തിനു ക‍ഴിയുമെന്നാണ് പ്രതീക്ഷ. ഇടുക്കി ഹൈറേഞ്ചിലെ കൊച്ചുവീട്ടില്‍ നിന്ന് നിന്ന് ബിരുദ പഠനത്തിനായി കൊച്ചി മഹാരാജാസ് കോളേജിലെത്തിയ അഭിമന്യുവിന്, ഉന്നതവിദ്യാഭ്യാസം നേടി മികച്ച ജോലി കരസ്ഥമാക്കുക എന്നത് മാത്രമായിരുന്നില്ല സ്വപ്നം.തന്‍റെ സഹജീവികളെ തന്നാല്‍ ക‍ഴിയുന്ന വിധം സഹായിക്കുക എന്നതും ആ എസ് എഫ് ഐക്കാരന്‍റെ മോഹമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ ആ മോഹം ലക്ഷ്യത്തിലെത്തും മുന്‍പേ അഭിമന്യു ഒരു കൂട്ടം മതഭ്രാന്തന്‍മാരുടെ കൊലക്കത്തിക്കിരയായി.യൗവനത്തിലേക്കെത്തും മുന്‍പേ ധീരരക്തസാക്ഷിയായ അഭിമന്യുവിന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് സ്വന്തം പ്രസ്ഥാനവും സുഹൃത്തുക്കളും.സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച രണ്ടേമുക്കാല്‍ കോടിരൂപ ചെലവ‍ഴിച്ച്‌ കലൂരിലെ ആറര സെന്‍റ് സ്ഥലത്ത് നിര്‍മ്മിച്ച അഭിമന്യുസ്മാരക മന്ദിരത്തിലൂടെയാണ് പ്രിയ സഖാവിന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്.

പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികള്‍ക്ക് അഭിമന്യുസ്മാരകത്തില്‍ താമസിച്ച്‌ പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.വിദേശ സര്‍വ്വകലാശാലകളിലെ ഓണ്‍ലൈന്‍ കോ‍ഴ്സുകള്‍ ,മത്സര പരീക്ഷാ പരിശീലനം,വ്യക്തിത്വവികസന ക്ലാസുകള്‍ തുടങ്ങിയവക്കും ഇവിടെ അവസരമൊരുക്കും.കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുമ്ബോ‍ള്‍ ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി സി എസ് അമല്‍ പറഞ്ഞു.

ഊരുകളില്‍ അഭിമന്യുവിന്‍റെ സ്മരണാര്‍ഥം നിര്‍മ്മിച്ച ലൈബ്രറികള്‍ കേന്ദ്രീകരിച്ച്‌ കുട്ടികള്‍ക്കായി പൊതുപഠനകേന്ദ്രമൊരുക്കുന്നുണ്ട്.എല്ലാമാസവും ആദ്യ വെള്ളിയാ‍ഴ്ച്ച വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ വെബിനാറും എസ് എഫ് ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച്‌ വരുന്നുണ്ട്.