ന്യൂഡല്‍ഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി മുസ്‌ലിംലീഗ് എംപി പി.വി അബ്ദുല്‍ വഹാബ്. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കാത്തിരിക്കുകയാണ് എന്ന് വഹാബ് പറഞ്ഞു.

‘2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്. ഭാര്യയും അതിനായി കാത്തിരിക്കുന്നുണ്ട്. കുറച്ച്‌ ആഭരണങ്ങള്‍ വാങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ – വഹാബ് പറഞ്ഞു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഇതേക്കുറിച്ച്‌ മോദി മൗനം പാലിച്ചിരുന്നു.

യുപി പൊലീസ് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നും വഹാബ് ആവശ്യപ്പെട്ടു. ഹാത്രസില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുമാണ് അദ്ദേഹം പോയത്. സിദ്ദീഖിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2