ഇന്ത്യയെന്ന മഹത്തരമായ മതേതര-ജനാധിപത്യ ആശയം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ ചിന്തകൾ കേന്ദ്രീകരിക്കേണ്ടത് ഇനിയും മാറ്റം വരാത്ത നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെ കുറിച്ചാണ്. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുന്ന ഒരു പ്രത്യേക വിഭാഗം എന്നതിനപ്പുറം എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുന്ന ആളുകൾക്കും നേതൃത്വത്തിലേക്ക് കടന്നുവരാവുന്ന സാഹചര്യം ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടങ്കിൽ മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിന് ശരിയായ അർത്ഥത്തിൽ മുന്നോട്ട് പോകാനാകു. ഒന്നുകൂടി വിശദമായി പറയുകയാണെങ്കിൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറെന്ന ആശയം യാഥാർത്ഥ്യം ആകണമെങ്കിൽ വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക പ്രതിബദ്ധത ഉള്ളവർ ഭരണ നേതൃത്വത്തിൽ എത്തിച്ചേരണം. ഇന്നത്തെ യാഥാർത്ഥ്യം മറ്റൊന്നാണ്. രാഷ്ട്രീയക്കാർ എന്ന് നാം മുദ്ര ചാർത്തിയ ആളുകൾ അവരുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ബോധപൂർവം സൃഷ്ടിക്കപ്പെട്ട സംഭവവികാസങ്ങളിലൂടെ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ചു അവരുടെ ഭരണകർത്താക്കളായി മാറുന്ന യാഥാർഥ്യമാണ് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം. ഭരണപക്ഷത്തും പ്രതിപക്ഷത്തും വിളയാടുന്ന ദേശീയ-സംസ്ഥാന- പ്രാദേശിക പാർട്ടികൾ ഇക്കാര്യത്തിൽ ഒരേ പ്രായോഗിക പ്രത്യയശാസ്ത്രം ഉള്ളവരാണ്.

മറ്റൊരു വിഷയം യുവത്വത്തിൻറെ പുതിയ നിർവ്വചനങ്ങൾ ആണ്. ഒരു കാലഘട്ടത്തിൽ നാം മധ്യവയസ്കരായി കണ്ടിരുന്ന പ്രായം രാഷ്ട്രീയത്തിൽ യുവത്വം ആയി നിർവചിക്കപ്പെടുന്നു. ഇതിനുകാരണം സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ജനിച്ച ആളുകൾ പോലും അനുഭവ സമ്പത്തിൻറെ കരുത്തിൽ നേതൃസ്ഥാനങ്ങളിൽ കടിച്ചു തൂങ്ങുന്നതാണ്. പ്രായമാകുന്നത് ഒരു മോശപ്പെട്ട കാര്യമല്ല.പക്ഷേ അത് അംഗീകരിക്കാൻ കൂട്ടാക്കാത്ത സമീപനം ആശാസ്യകരം അല്ല. തലമുറ മാറ്റം എന്ന യാഥാർത്ഥ്യം പൂർണ്ണമനസ്സോടെ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും ഒരു രാജ്യത്തിൻറെ ഭാവിയെ കരുതി മുതിർന്ന തലമുറയിലെ നേതാക്കൾ ഉൾകൊണ്ടേ മതിയാകൂ.തങ്ങൾക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കാതെ രാജ്യത്തിന് കുതിപ്പ് ഏകുവാൻ തങ്ങൾക്കപ്പുറവും ഒരു നേതൃനിര വേണമെന്ന ദീർഘവീക്ഷണം മുൻ നിർത്തിയെങ്കിലും മുതിർന്നവർ വ്യക്തിത്വവും കാഴ്ചപ്പാടും നേതൃഗുണവും ഉള്ള ശക്തമായ ഒരു രണ്ടാം നിരയെ പ്രോത്സാഹിപ്പിക്കണം.

പരമപ്രധാനമായ മറ്റൊരു വിഷയം കൂടിയുണ്ട്. അത് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരിലും ഇന്ന് പ്രകടമാകുന്ന അരാഷ്ട്രീയവാദം ആണ്. പൂർണ്ണമായും അരാഷ്ട്രീയം എന്നല്ല മറിച്ച് ഇതൊരു നിസ്സംഗ മനോഭാവം ആണ്. തങ്ങളുടെ ചിന്തകൾക്കും നിയന്ത്രണത്തിനും അപ്പുറമാണ് രാഷ്ട്രീയ മേച്ചിൽപുറങ്ങൾ എന്ന തോന്നൽ കാലക്രമേണ പരിണമിച്ച് അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് ദിവസത്തെ തോന്നൽ അനുസരിച്ച് വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ അത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തുന്നതിന് അധികം ചിന്തിച്ച് സമയം കളയാതെ ഇരിക്കുകയോ ചെയ്യുന്ന അപകടകരമായ നിസ്സംഗത ഇന്ത്യൻ ജനാധിപത്യത്തിന് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതിന് പലപ്പോഴും ഇടയാക്കുന്നത് രാഷ്ട്രീയക്കാർ എന്ന സാമാന്യവൽക്കരണം ആണ്. ഇതിനു മാറ്റം വരണമെങ്കിൽ ഒരു സ്വാഭാവിക പ്രക്രിയ എന്നപോലെ സാധാരണക്കാരന് രാഷ്ട്രീയത്തിലേക്ക് തങ്ങളുടെ വിവിധങ്ങളായ പ്രവർത്തന മേഖലകളിൽ നിന്ന് കടന്നു വരുവാൻ  സാഹചര്യം ഉണ്ടാവണം. മേഖലയിലേക്ക് കടന്നു വരുന്നത് പോലെ തന്നെ അധികാരസ്ഥാനങ്ങളിൽ ഒരു നിശ്ചിത കാലാവധി കഴിഞ്ഞാൽ തങ്ങളുടെ പൂർവ്വ പ്രവർത്തി മേഖലയിലേക്ക് തിരികെ പോയി പ്രവർത്തനം പുനരാരംഭിക്കുന്ന ഒരു ശൈലിയിൽ  അധിഷ്ഠിതമായ പുതിയ ഒരു രാഷ്ട്രീയ സംസ്കാരം ഈ രാജ്യത്ത് രൂപപ്പെടണം. ആത്യന്തികമായി രാഷ്ട്രീയം അധികാരത്തിനുവേണ്ടി എന്നതിനുപരിയായി അതിൻറെ യഥാർത്ഥ ലക്ഷ്യമായ
ജനസേവനത്തിലേക്ക് തിരിച്ചുപോകണം.
ഏവർക്കും നന്മയും ആരോഗ്യവും കാംക്ഷിച്ചു കൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകൾ നേരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2