സി.എസ്.ഐ. സഭയുടെ തിരുവനന്തപുരം മണ്ഡലത്തിലെ ‘സമദൂര’സിദ്ധാന്തം ഫലം കണ്ടില്ല. മുൻ ബിഷപ്പ് റവ. ധര്‍മ്മരാജ് റസ്സാലം ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതികള്‍ വെട്ടിലായിരിക്കുകയാണ്. മാത്രമല്ല അന്വേഷണത്തിന്റെ തുടര്‍ച്ച, മുഖ്യമന്ത്രിയുടെ മകള്‍ നടത്തിയിരുന്ന എക്സാലോജിക് കമ്ബനിയിലേക്കും നീളുന്നുണ്ട്. ചെയ്യാത്ത സേവനത്തിന് കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നും എക്സാലോജികിന് പണം കൈമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത അന്വേഷണം മുന്നോട്ടുപോകുന്നത്.
വിവാദ വ്യവസായി കരിമണല്‍ കര്‍ത്തയുടെ സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിന് സമാനമായ സംഗതിയാണ് കാരക്കോണത്തും നടന്നത് എന്നതാണ് പ്രധാന ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒയും അന്വേഷണം നടത്തിവരുന്നുണ്ട്. ബാഹ്യഇടപെടലുകള്‍ ഉണ്ടാകാത്തപക്ഷം പല പ്രമുഖരും കേസില്‍ കുടുങ്ങുമെന്ന് ഉറപ്പാണ്.സി.എസ്.ഐ. സഭയുടെ കീഴിലെ സൗത്ത് കേരള മെഡിക്കല്‍ മിഷൻ നടത്തുന്ന കാരക്കോണം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി. കണ്ടെത്തിയത്.
സൗത്ത് കേരള മെഡിക്കല്‍ മിഷനാണ് ഒന്നാം പ്രതി. മുൻ ബിഷപ്പ് റവ. ധര്‍മ്മരാജ് റസ്സാലം, കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, മുൻ സെക്രട്ടറി ടി.ടി. പ്രവീണ്‍, മുൻ ഫിനാൻസ് കണ്‍ട്രോളര്‍ പി. തങ്കരാജ്, ക്ലാര്‍ക്ക് പി.എല്‍. ഷിജി എന്നിവരാണ് മറ്റുപ്രതികള്‍. കേസ് ആദ്യം അന്വേഷിച്ചത് സംസ്ഥാന പൊലീസ് ക്രൈം ബ്രാഞ്ചാണ്. ആ സമയം പ്രതികളിലെ ചിലര്‍ കോഴകേസ് അട്ടിമറിക്കാൻ സംസ്ഥാനസര്‍ക്കാരിലെ ഉന്നതര്‍ക്ക് പണം നല്‍കിയെന്ന പരാതിയും ഇ.ഡി. പരിശോധിക്കുന്നുണ്ട്. ഇതാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വഴിമരുന്നിട്ടത്.
അന്വേഷണത്തിന്റെ ഭഗാമായി ഇ.ഡി. സി.എസ്.ഐ. സഭാആസ്ഥാനം റെയ്ഡ് ചെയ്യുകയും അന്ന് ബിഷപ്പ് ആയിരുന്ന റസ്സാലത്തിന്റെ വിദേശയാത്ര തടയുകയും ചെയ്തിരുന്നു. അദ്ദേഹം നാടുവിടുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് ഇ.ഡി. കേസന്വേഷണം കടുപ്പിച്ചതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നത്. ഇതില്‍ എൻ.ഡി.എ. ക്യാമ്ബിനെ വരുതിയിലാക്കാൻ ബിഷപ്പും സംഘവും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
സംസ്ഥാനസര്‍ക്കാരുമായി സമരസപ്പെട്ട് പോകുന്ന സഭയുടെ വക്താക്കളെ മാറ്റിനിര്‍ത്തിയ എൻ.ഡി.എ. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ സഭയിലെ വിമതപക്ഷത്തിനൊപ്പം നിലകൊണ്ടു. ഇതോടെ എൻ.ഡി.എയെ തള്ളാനം കൊള്ളാനും സാധിക്കാത്ത സാഹചര്യത്തിലായി റസ്സാലവും കൂട്ടരും. തുടര്‍ന്നാണ് ബി.ജെ.പിയെ പരസ്യമായി തള്ളാതെ സമദൂരസിദ്ധാന്തം എന്ന ‘പൂഴിക്കടകൻ’ പയറ്റിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇ.ഡി. മുൻ ബിഷപ്പിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുകയാണ്.