ഗാന്ധിനഗര്‍ : മെഡിക്കല്‍ കോളജിനു സമീപം യുവാവി​ന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെന്‍റ്​ തോമസ് എല്‍.പി സ്കൂളിന്​ സമീപം കളരിക്കല്‍ കാര്‍ത്തികയില്‍ (പടിഞ്ഞാ​റെ മുറിയില്‍) പരേതനായ രാജശേഖര​ന്റെയും വിജയമ്മയുടെയും മകന്‍ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കൊവിഡുമായി ബന്ധപ്പെട്ട് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടില്‍നിന്ന്​ ജോലിക്കുപോയ ഇദ്ദേഹം രാത്രി വൈകിയും തിരിച്ചെത്തിയില്ല. സ്വകാര്യ സ്ഥാപനത്തില്‍നിന്ന്​ വാടകക്കെടുത്ത ഇന്നോവ കാറില്‍ സ്വയം ഓടിച്ചാണ് ജോലിക്കുപോയിരുന്നത്. വൈകീട്ട് 5.30 വരെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. തുടര്‍ന്ന് ശനിയാഴ്​ച രാവിലെ ഭാര്യയും ബന്ധുക്കളും ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. ഈ സമയം പ്രശാന്ത് വാടകക്കെടുത്ത ഇന്നോവ കാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്​റ്റേഷനുമുന്നിലൂടെ കടന്നുപോയി. ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഗാന്ധിനഗര്‍ ജങ്​ഷനിലെ പെട്രോള്‍ പമ്പിന് സമീപം തടഞ്ഞ് കസ്​റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറില്‍ ഉണ്ടായിരുന്ന ആളെ ചോദ്യം ചെയ്തപ്പോള്‍ ത​ന്റെ കാറാ​ണെന്നും ഗൂഗിൾ ​സെര്‍ച്ചിലൂടെ കണ്ടെത്തി എടുക്കുകയായിരുന്നെന്നും താക്കോല്‍ കാറില്‍ തന്നെ ഉണ്ടായിരുന്നതായും പറഞ്ഞു. തുടര്‍ന്ന്​ കാര്‍ കിടന്ന സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി റോഡില്‍ നിന്ന്​ ചാത്തുണ്ണിപ്പാറക്കുപോകുന്ന വഴിയില്‍ അര കി.മീ. മാറി ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപത്താണ്​ ഡോക്ടര്‍മാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ്​. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. വൈക്കം വെള്ളൂര്‍ സ്വദേശിനി പാര്‍വതിയാണ് ഭാര്യ. മക്കള്‍: അദ്വൈത് (നാല്​), അര്‍ണവ് (ഒന്ന്​).

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു​. പ്രശാന്തിന് സാമ്പത്തിക ബുദ്ധിമുട്ട്​ ഉണ്ടായിരുന്നില്ലെന്നും, കൊവിഡ്​ കഴിഞ്ഞ് വിമാനയാത്ര തുടങ്ങുമ്പോൾ വിദേശത്ത്​​ പോകാന്‍ തയാറായിരിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. പ്രശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും​ ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍, പ്രശാന്ത് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറാണെന്ന വ്യാജേന വിദേശത്ത് ജോലി വാങ്ങിനല്‍കാമെന്ന്​ പറഞ്ഞു വിശ്വസിപ്പിച്ച്‌ പലരില്‍നിന്നായി വന്‍ തുക കൈപ്പറ്റി​യെന്ന​ വിവരം കിട്ടിയിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഒമ്പത് ലക്ഷം രൂപയാണ് അയാള്‍ക്ക്​ നല്‍കാനുള്ളത്. തുക ശനിയാഴ്​ച നല്‍കേണ്ടതായിരുന്നു. അത്​ സാധിക്കാതെ വന്നതിനാല്‍ സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരു​ന്നു എന്നാണ്​ സൂചന. ആറു മാസത്തോളമായി വാടകക്കെടുത്ത കാറിന് 9000 രൂപ മാത്രമാണ് വാടക നല്‍കിയിട്ടുള്ളത്. കാറില്‍നിന്ന്​ സ്​റ്റെതസ്കോപ് കിട്ടിയിട്ടുണ്ട്. ആത്മഹത്യ ചെയ്തതാകാനാണ്​ സാധ്യതയെന്നും ഗാന്ധിനഗര്‍ എസ്.എച്ച്‌.ഒ സുരേഷ് വി. നായര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക