നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു സിറോ മലങ്കര സഭ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക. നാലാമത്തെ കുഞ്ഞിന് ജനനം മുതല്‍ പ്രസവ ചെലവിലേക്കും സഭ സഹായം നല്‍കും. ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ലഭിക്കുക. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്ബതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രോത്സാഹനം എന്ന് രൂപത അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് സര്‍ക്കുലറില്‍ പറഞ്ഞു.

സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍: എഡി 2000ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്ബതികള്‍ വലിയ കുടുംബങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും രൂപത നല്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താഴെ പറയുന്ന പദ്ധതികള്‍ അവര്‍ക്കായി രൂപത വിഭാവനം ചെയ്യുന്നു.

1.നാലോ അതില്‍ കൂടുതലോ കുഞ്ഞുങ്ങളുളള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ അരമനയില്‍ നിന്ന് കുടുംബപ്രേഷിത കാര്യാലയം വഴി നല്‍കുന്നതാണ്.
2.നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്ബത്തിക സഹായം ആവശ്യമെങ്കില്‍ അത് രൂപത നല്കുന്നതാണ്.
3.ഇത്തരം കുടുംബങ്ങളില്‍ നിന്നുളള വ്യക്തികള്‍ക്ക് സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്കും.
4.ഈ കുടുംബങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക് രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷന് മുന്‍ഗണന നല്‍കും.
5.ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും ഒരു വൈദികനെ അവരുടെ ആദ്ധ്യാത്മിക നിയന്താതാവായി നിയമിക്കുന്നതാണ്. ഒരു സിസ്റ്ററിനെ ഇവരുടെ ആനി മേറ്ററായി നല്കുന്നതുമാണ്.
6.വര്‍ഷത്തില്‍ ഒരിക്കല്‍ ഈ കുടുംബങ്ങളെ ഒന്നിച്ച്‌ കൂട്ടി രൂപതാധ്യക്ഷന്‍ അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണ്.
7.ജീവന്റെ മൂല്യത്തെപ്പറ്റി ആവശ്യമായ ബോധവല്‍ക്കരണം നല്കുന്നതിനും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്ബതികളെ ഒരുക്കുന്നതിനും വേണ്ടി പ്രോ ലൈഫ് മിനിസ്ട്രി കുടുംബപ്രേഷിത കാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായ ചൈന പോലും തെറ്റായ ജനനനി യന്ത്രണ നയത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇതിനേക്കാള്‍ ആശങ്കാജനകമാണ് പത്തനംതിട്ട ജില്ലയുടെ അവസ്ഥയെന്നും സര്‍ക്കുലറില്‍ പറയുന്നു.

“കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജില്ലയില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ വാര്‍ദ്ധക്യ സന്ധ്യകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരും, കുഞ്ഞുങ്ങളുടെ കൊഞ്ചലും അവരുടെ പുഞ്ചിരിയും അന്യമായി പോയ മുറ്റങ്ങളും, തൊട്ടിലിന്റെ സൗഭാഗ്യം നഷ്ടമായ മുറികളും പത്തനംതിട്ടയുടെ ദൈന്യത വിളിച്ചോതുന്നു. സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 859 പേര്‍ താമസിക്കുമ്ബോള്‍ പത്തനംതിട്ടയില്‍ 453 പേര്‍ മാത്രം. 2001നെ അപേക്ഷിച്ച്‌ 2011 ല്‍ 3.12 ശതമാനം കുറവാണ് ജില്ലയിലെ ജനസംഖ്യയില്‍ വന്നിരിക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനത്തിലധികം മുതിര്‍ന്ന പൗരന്മാരാണ്. ജനസംഖ്യാശോഷണം മാരക വിപത്തായി ലോകത്തില്‍ പടരുന്നുണ്ട് എന്ന സത്യം തിരിച്ചറിയാന്‍ നാം ഇനിയും അമാന്തിക്കരുത്. മനുഷ്യവംശത്തിന്റെ നിലനില്പിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരുക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകജനസംഖ്യയില്‍ 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2100 ഓടെ 23 രാജ്യങ്ങളില്‍ ജനനനിരക്ക് പകുതിയായി കുറയുമെന്നാണ് ബി.ബി.സി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ജീവന്റെ പ്രോത്സാഹനം അനിവാര്യമാണ്.”-രൂപത അധ്യക്ഷന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക