ബിഹാറില്‍ വീണ്ടും തോക്കിൻമുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കല്‍. അടുത്തിടെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായി നിയമിതനായ ഗൗതം കുമാര്‍ എന്നയാളാണ് ഇത്തവണ ഇരയായത്. കഴിഞ്ഞ ബുധനാഴ്ച ഇയാളെ, സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ആളുടെ മകളെയാണ് വിവാഹം കഴിപ്പിച്ചത്.
സംഭവത്തില്‍, അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായ ഗൗതം ഈയിടെയാണ് പത്തേപൂരിലെ റേപുരയിലെ ഉത്ക്രമിത് മധ്യവിദ്യാലയത്തിലെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. മൂന്നോ നാലോ പേരടങ്ങുന്ന സംഘം വാഹനത്തിലെത്തി കുമാറിനെ സ്കൂളില്‍ നിന്നും ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. റേപുര ഗ്രാമത്തിലെ രാകേഷ് റായിയുടെ മകളെയാണ് ഗൗതമിന് വിവാഹം കഴിക്കേണ്ടി വന്നതെന്ന് മഹേയ മാല്‍പൂര്‍ ഗ്രാമവാസിയായ കുമാര്‍ പൊലീസിനോട് പറഞ്ഞു. തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം അറിഞ്ഞതോടെ കുമാറിന്‍റെ കുടുംബം ബുധനാഴ്ച രാത്രി മഹുവ-താജ്പൂര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പടേപൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ചയാണ് അധ്യാപകനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെന്നും അധ്യാപകന്‍ കോടതിയില്‍ മൊഴി രേഖപ്പെടുത്തുമെന്നും പടേപൂര്‍ പൊലീസ് സ്റ്റേഷന്റെ അഡീഷണല്‍ പൊലീസ് സ്റ്റേഷൻ ഇൻ ചാര്‍ജ് ഹസൻ സര്‍ദാര്‍ പറഞ്ഞു.
ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വരനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുക എന്നത് സാധാരണമാണ്. ഇത് അറിയപ്പെടുന്നത് ‘പകദ്വാ വിവാഹ്’ എന്നാണ്. സാമൂഹ്യമായും സാമ്ബത്തികമായും മെച്ചപ്പെട്ട അവസ്ഥയിലുള്ളവരെയായിരിക്കും തട്ടിക്കൊണ്ടുപോവുക. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ മര്‍ദിക്കുകയും ചെയ്യും. ഇതേരീതിയില്‍ കഴിഞ്ഞ വര്‍ഷം ഒരു മൃഗഡോക്ടറെയും , എൻജിനീയറെയും തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത് വാര്‍ത്തയായി മാറിയിരുന്നു.