2021 നവംബര്‍ മാസം മുതല്‍ തേവരയില്‍ നിന്ന് കാണാതായ ജെഫ് ലൂയിസ് ജോണ്‍ എന്ന യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞു. തേവര ഷാരഡി ലെയിനില്‍ ചെറുപുന്നത്തില്‍ വീട്ടില്‍ ഗ്ലാഡിസ് ലൂയിസ് മകൻ ജെഫ് ലൂയിസ് ജോണ്‍ എന്നയാളെ മുൻവിരോധം നിമിത്തമാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2021 നവംബര്‍ മാസം പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിൻ ചെരുവില്‍ വെച്ച് കല്ല് കൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2022 മാര്‍ച്ച് 2 ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിങ്ങ് കേസിന്റെ അന്വേഷണത്തിലാണ് പ്രതികളായ അനില്‍ ചാക്കോ, വിഷ്ണു ടി.വി, കോട്ടയം വെള്ളൂര്‍ മേവല്ലൂര്‍, സ്റ്റെഫിൻ തോമസ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അക്ബര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ് ശശിധരൻ ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി രാജ്കുമാര്‍, എറണാകുളം ടൗണ്‍ സൗത്ത് എസ്‌എച്ച്‌ഒ ഫൈസല്‍ എം എസ്, ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടര്‍ വി ഗോപകുമാര്‍, കൊച്ചി സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ രാമു ബാലചന്ദ്രബോസ്, എസ്‌ഐമാരായ ശരത് സി, ഉണ്ണികൃഷണൻ കെ വി, അനസ് വി എം ,ജോസി, അനില്‍ കുമാര്‍ സി, എഎസ്‌ഐമാരായ അനില്‍കുമാര്‍, രാജേഷ് കുമാര്‍, എസ്‌സിപിഒ സനീബ്, സിപിഒമാരായ അരുണ്‍, അഖില്‍, സിനീഷ്, ബിബിൻ, എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.