എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പോലും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിസംഘടനകളടക്കം നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലായെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ധാക്കണമെന്നും, ഹര്‍ജി തീര്‍പ്പാകും വരെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യങ്ങള്‍. കൊറോണ കാരണം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും.

എല്ലാവര്‍ഷവും നടക്കുന്ന കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാറുള്ളത്. കഴിഞ്ഞവര്‍ഷം കോവിഡിനെ തുടര്‍ന്ന് കലാ-കായിക മേളകള്‍ നടത്തിയിരുന്നില്ല. അതിനാല്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

മുന്‍ വര്‍ഷങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നാണ് എസ് സി ഇ ആര്‍ ടി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് ഇത്തവണ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം കലാ-കായിക മേളകള്‍ നടന്നില്ല, പരീക്ഷകള്‍ ഉദാരമായാണ് നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് ഗ്രേസ് മാര്‍ക്ക് നല്‍കാത്തതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനമാണ് രേഖപ്പെടുത്തിയത്. പരീക്ഷ എഴുതിയ 1,21,318 പേര്‍ക്ക് ഫുള്‍ എ പ്ലസ് നേടാനായി.

കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് എത്തിയത്. ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. എന്നാല്‍ പരീക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പരീക്ഷ എഴുതിയ 99.47 ശതമാനംപേരും ഉന്നതപഠനത്തിന് യോഗ്യത നേടി. 4,21,887പേര്‍ എസ്​എസ്​എല്‍സി പരീക്ഷ ​എഴുതിയതില്‍ 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന്​ അര്‍ഹത നേടി. 99.47 ആണ് വിജയശതമാനം. മുന്‍ വര്‍ഷം ഇത്​ 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക