പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കൈ മെയ്യ് മറന്നുള്ള പ്രചരണത്തിലാണ് കേരള കോൺഗ്രസ് ജോസ് കെ മണി വിഭാഗത്തിന്റെ പ്രവർത്തകരും, നേതാക്കളും. പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ എന്ന് അവർ അവകാശപ്പെടുന്ന അയർക്കുന്നത്തും അകലകുന്നത്തും വീടു കേറി വോട്ട് തേടി എന്നാണ് അണിയറ സംസാരം. തന്റെ ബന്ധുജനങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ജോസ് കെ മാണി പ്രചരണം നടത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ അവകാശവാദങ്ങൾ ശരിയാണെന്ന് സ്ഥാപിച്ചേ മതിയാവൂ. കെഎം മാണിയെ പിന്നിൽ നിന്ന് കുത്തിയത് ഉമ്മൻചാണ്ടിയാണ് എന്ന പ്രചരണം സൈബർ ഇടങ്ങളിൽ ഉന്നയിക്കുകയും ഉമ്മൻചാണ്ടിയുടെ മകനെ തോൽപ്പിക്കുമെന്ന് വെല്ലുവിളി ഉയർത്തുകയും ആണ് മാണി ഗ്രൂപ്പ് വിഭാഗം സൈബർ പോരാളികൾ ചെയ്യുന്നത്. അകലകുന്നത്തും, അയർക്കുന്നത്തും ഇടതു സ്ഥാനാർഥി ജെയ്ക് ലീഡ് ചെയ്യുമെന്നും ഇവർ അവകാശപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകരുടെ സജീവ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ കോട്ടയത്ത് എല്ലാ ബൂത്തുകളിലും അഭ്യർത്ഥനയും, പ്രചരണ സാമഗ്രികളും എത്തിക്കാൻ സാധിക്കുകയുള്ളൂ എന്ന് കേരള കോൺഗ്രസിന് വ്യക്തമായി അറിയാം. പാർലമെൻറ് മണ്ഡലത്തിലെ ഭാഗമായ നിയോജകമണ്ഡലങ്ങളിൽ പാലാ, കടുത്തുരുത്തി, പുതുപ്പള്ളിയിലെ അയർക്കുന്നം അകലകുന്നം പഞ്ചായത്തുകൾ എന്നിവ മാറ്റി നിർത്തിയാൽ കേരള കോൺഗ്രസ് സംഘടനാ സംവിധാനം പാടെ ദുർബലമാണ്. അതുകൊണ്ടുതന്നെ സിപിഎം പിന്നോട്ട് നിന്നാൽ കോട്ടയത്ത് തങ്ങളുടെ സ്വാധീനശക്തിയെക്കുറിച്ചുള്ള കേരള കോൺഗ്രസ് അവകാശവാദങ്ങളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തന്നെ പൊളിയും എന്ന് കേരള കോൺഗ്രസ് നേതാക്കൾക്ക് ബോധ്യമുണ്ട്.

പക്ഷേ പുതുപ്പള്ളിയിൽ ജനവികാരം യുഡിഎഫിന് അനുകൂലമാണ്. എട്ടു പഞ്ചായത്തുകളിലും ലീഡ് എടുത്ത് ചാണ്ടി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം നേടുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കേരള കോൺഗ്രസുകാർ ഉമ്മൻചാണ്ടിക്കെതിരെ നടത്തുന്ന അവഹേളനം പ്രചരണവും അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ നടത്തുന്ന അപവാദപ്രചരണങ്ങളും എല്ലാം വോട്ടർമാർ തള്ളുമെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു. കെഎം മാണിയുടെ മരണശേഷം ഇല്ലാ കഥകൾ പറഞ്ഞ് അധികാരത്തിനു വേണ്ടി സ്വന്തം പിതാവിനെ വേട്ടയാടിയവർക്കൊപ്പം കൂടിയ ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി നൽകണമെന്നാണ് പ്രാദേശികമായി കോൺഗ്രസ് പ്രവർത്തകരുടെ വികാരം. അതുകൊണ്ടുതന്നെ അവർ ശക്തികേന്ദ്രങ്ങൾ എന്ന അവകാശപ്പെടുന്ന മേഖലകളിൽ വരെ അതിശക്തമായ പ്രചരണം ആണ് ഇവർ നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക