ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 238 ആയി. 900ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഒഡിഷയില്‍ ശനിയാഴ്‌ച ആഘോഷങ്ങളൊന്നും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. നവീന്‍ പട്‌നായിക് അപകട സ്ഥലത്ത് എത്തിയതായാണ് സൂചന.

ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാര്‍-ചെന്നൈ സെൻട്രല്‍ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചു. ഇന്നലെ (02.06.2023) രാത്രി 7.20ഓടെയായിരുന്നു ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ച അശ്വിനി വൈഷ്‌ണവ്, അപകടം നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത തന്‍റെ മന്ത്രാലയത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പറഞ്ഞു. പാസഞ്ചര്‍ ട്രെയിൻ കോച്ചുകള്‍ പാളം തെറ്റിയതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി ഡോല സെൻ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ഖരഗ്‌പൂരില്‍ നിന്ന് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം: സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 12838 പുരി-ഹൗറ എക്‌സ്‌പ്രസ്, 18410 പുരി-ഷാലിമര്‍ ശ്രീ ജഗന്നാഥ് എക്‌സ്‌പ്രസ്, 08012 പുരി-ഭഞ്ജപൂര്‍ സ്പെഷ്യല്‍ എന്നീ ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായും റദ്ദ് ചെയ്‌തു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: ഇന്ന് (03.06.2023) ഖരഗ്‌പൂരില്‍ നിന്നുള്ള 18021 ഖരഗ്‌പൂര്‍-ഖുര്‍ദ റോഡ് എക്‌സ്‌പ്രസ് ബൈതരണി റോഡില്‍ നിന്ന് ഖുര്‍ദ റോഡിലേക്ക് യാത്ര നടത്തും. ഖരഗ്‌പൂരില്‍ നിന്ന് ബൈതരണി റോഡിലേക്കുള്ള യാത്ര റദ്ദാക്കി.ഇന്നലെ (02.06.2023) ഖുര്‍ദ റോഡില്‍ നിന്ന് സര്‍വീസ് ആരംഭിച്ച 18022 ഖുര്‍ദ റോഡ്-ഖരഗ്‌പൂര്‍ എക്‌സ്‌പ്രസ് ബൈതരണി റോഡ് വരെ ഓടും. ബൈതരണി റോഡില്‍ നിന്ന് ഖരഗ്‌പൂര്‍ വരെ റദ്ദാക്കി തുടരും. ഇന്നലെ ഭുവനേശ്വറില്‍ നിന്ന് പുറപ്പെട്ട 12892 ഭുവനേശ്വര്‍-ബാംഗിരിപോസി എക്‌സ്‌പ്രസ് ജജ്‌പൂര്‍ കിയോഞ്ജര്‍ റോഡ് വരെ ഓടും. ജജ്‌പൂര്‍ കെ റോഡില്‍ നിന്ന് ബംഗിരിപോസി വരെയുള്ള സര്‍വീസ് റദ്ദാക്കി.ബംഗിരിപോസിയില്‍ നിന്നുള്ള 12891 ബംഗിരിപോസി-ഭുവനേശ്വര്‍ എക്‌സ്‌പ്രസ് ജജ്‌പൂര്‍ കിയോഞ്ജര്‍ റോഡില്‍ നിന്ന് ഭുവനേശ്വറിലേക്ക് സര്‍വീസ് നടത്തും. ബംഗിരിപോസിയില്‍ നിന്ന് ജജ്‌പൂര്‍ കെ റോഡിലേക്കുള്ള സര്‍വീസ് റദ്ദാക്കി.ഇന്നലെ ഭുനേശ്വറില്‍ നിന്ന് പുറപ്പെട്ട 08412 ഭുവനേശ്വര്‍-ബാലസോര്‍ മെമു ജെനാപൂര്‍ വരെ സര്‍വീസ് നടത്തും. ജെനാപൂരില്‍ നിന്ന് ബാലസോര്‍ വരെയുള്ള യാത്ര റദ്ദാക്കി.18411 ബാലസോര്‍-ഭുവനേശ്വര്‍ മെമു ഇന്ന് ബാലസോറില്‍ നിന്ന് ഭുവനേശ്വറിന് പകരം ജെനാപൂരില്‍ നിന്ന് ഭുവനേശ്വറിലേക്ക് സര്‍വീസ് നടത്തും.

വഴിമാറ്റി വിട്ട ട്രെയിനുകള്‍: ഇന്നലെ പുരിയില്‍ നിന്ന് പുറപ്പെട്ട 03229 പുരി-പട്‌ന സ്‌പെഷ്യല്‍ ജഖാപുര-ജരോളി റൂട്ട് വഴി ഓടും.ജൂണ്‍ ഒന്നിന് ചെന്നൈയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച 12840 ചെന്നൈ-ഹൗറ മെയില്‍ ജഖാപുര-ജരോലി വഴി ഓടും.ജൂണ്‍ ഒന്നിന് വാസ്‌കോയില്‍ നിന്ന് പുറപ്പെട്ട 18048 വാസ്‌കോ ഡ ഗാമ-ഹൗറ അമരാവതി എക്‌സ്‌പ്രസും ജഖാപുര-ജരോളി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്.ഇന്നലെ സെക്കന്തരാബാദില്‍ നിന്ന് സര്‍വീസ് ആരംഭിച്ച 22850 സെക്കന്തരാബാദ്-ഷാലിമര്‍ എക്‌സ്‌പ്രസും ജഖാപുര-ജരോലി വഴി ഓടും.പുരിയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട 12801 പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്‌പ്രസ് ജഖാപുര-ജരോലി റൂട്ടില്‍ സര്‍വീസ് നടത്തും.ഇന്നലെ പുരിയില്‍ നിന്ന് യാത്ര ആരംഭിച്ച 18477 പുരി-ഋഷികേശ് കലിംഗ ഉത്കല്‍ എക്‌സ്‌പ്രസ് അംഗുല്‍-സംബല്‍പൂര്‍ സിറ്റി-ജാര്‍സുഗുഡ റോഡ്-ഐബി റൂട്ട് വഴി ഓടും.ഇന്നലെ സംബാല്‍പൂരില്‍ നിന്ന് പുറപ്പെട്ട 22804 സംബല്‍പൂര്‍-ഷാലിമര്‍ എക്‌സ്‌പ്രസ് സംബല്‍പൂര്‍ സിറ്റി-ജാര്‍സുഗുഡ റൂട്ടില്‍ ഓടും.ജൂണ്‍ ഒന്നിന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12509 ബാംഗ്ലൂര്‍-ഗുവാഹത്തി എക്‌സ്പ്രസ് വിജയനഗരം-തിറ്റിലഗഡ്-ജാര്‍സുഗുഡ-ടാറ്റ റൂട്ട് വഴി ഓടും.ജൂണ്‍ ഒന്നിന് താംബരത്തു നിന്ന് സര്‍വീസ് ആരംഭിച്ച 15929 താംബരം-ന്യൂ ടിൻസുകിയ എക്‌സ്‌പ്രസ് റാനിറ്റല്‍-ജരോളി റൂട്ട് വഴി ഓടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക